റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പത്ത്‌ കിലോ കഞ്ചാവുമായി രണ്ട്‌ യുവാക്കള്‍ വടകരയില്‍ പിടിയില്‍


വടകര: വടകര റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഒറീസ സ്വദേശി റോഷന്‍ മെഹര്‍ (27), ഝാർഖണ്ഡ്‌ സ്വദേശി ജയ്‌സറഫ് (33) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും പത്ത് കിലോ കഞ്ചാവ് പിടിച്ചെടുത്തു.

റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക്ക് ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാന്‍സാഫ് ടീമും വടകര പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ചെന്നൈയില്‍ നിന്നും വരുന്ന ട്രെയിനില്‍ നിന്നും പുലര്‍ച്ചെ ആറ് മണിയോടെയാണ് ഇരുവരെയും പിടികൂടുന്നത്. പ്ലാസ്റ്റിക് കവറുകളിലാക്കി പൊതിഞ്ഞ് ബാഗുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കുറ്റ്യാടി, ചേലക്കാട് ഭാഗങ്ങളില്‍ വിതരണത്തിനായി എത്തിച്ചതാണ് കഞ്ചാവ്.

വടകര എസ്എച്ച്ഒ സുനില്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ രഞ്ജിത്ത്, എസ്.ഐ ബിജു വിജയന്‍, ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ മനോജ് രാമത്ത്, എ.എസ്.ഐ ഷാജി, എ.എസ്.ഐ ബിനീഷ്, സിപിഒ ശോഭിത് ടി.കെ, സി.പി.ഒ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കും.

Description: Two youths arrested in Vadakara with 10 kg ganja