പാക്‌ ബന്ധമുള്ള ഭീകര സംഘടനയുമായി ബന്ധം; കോഴിക്കോട് എന്‍ഐഎ റെയ്ഡ്‌, മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു


കോഴിക്കോട്: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം നാല് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്‌. ഗസ്‌വ ഇ ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. കേരളത്തില്‍ കോഴിക്കോടാണ് പരിശോധന നടന്നത്.

പരിശോധനയില്‍ ക്രിമിനല്‍ ബന്ധം തെളിയിക്കുന്ന രേഖകള്‍, മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതായി എന്‍ഐഎ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. കോഴിക്കോടിന് പുറമെ മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ സോമനാഥ്, ഉത്തര്‍പ്രദേശിലെ അസംഘട്ട് ജില്ലകളിലായിരുന്നു എന്‍ഐഎ സംഘം റെയ്ഡ് നടത്തിയത്. പട്‌നയിലെ ഫുല്‍വാരിഷരിഫ് പോലീസ് സ്‌റ്റേഷനില്‍ 2022 ജൂലായ് 14ന് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

പാക്ക് പൗരന്‍ നിര്‍മ്മിച്ച വാട്‌സ്അപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന മര്‍ഖൂബ് അഹമ്മദിനെ എന്‍ഐഎ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഗ്രൂപ്പ് അഡ്മിനായിരുന്ന ഇയാള്‍ ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പലരെയും ഗ്രൂപ്പിലേക്ക് ചേര്‍ത്തുവെന്നാണ് എന്‍ഐഐ പറയുന്നത്.

യുവാക്കളെ സ്വാധീനിച്ച് ഗസ് വ ഹിന്ദ് ഇന്ത്യയില്‍ സ്ഥാപിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. മര്‍ഖൂബിനെതിരെ രാജ്യവിരുദ്ധ വകുപ്പുകള്‍ ചുമത്തി ജനുവരി 6ന് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.