”പരാജയമുണ്ടായാല്‍ എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ല” ; മുചുകുന്ന് കോളേജില്‍ ഡി.വൈ.എഫ്.ഐ നടത്തിയ അക്രമവും കൊലവിളിയും അങ്ങേയറ്റം അപലപനീയമെന്നും രമേശ് ചെന്നിത്തല


കൊയിലാണ്ടി: മുചുകുന്ന് കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിദ്യാര്‍ഥികള്‍ക്കുനേരെ ഡി.വൈ.എഫ്.ഐ അക്രമവും കൊലവിളിയുമാണ് നടത്തിയെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു.

കണ്ണൂരില്‍ കൊല്ലപ്പെട്ട അരിയില്‍ ഷുക്കൂറിന്റെ അനുഭവമുണ്ടാകുമെന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു, എം.എസ്.എഫ് വിദ്യാര്‍ഥികളെ തടഞ്ഞുവെക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പരാജയമുണ്ടായാല്‍ എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ലെന്നും ഇതൊന്നുംകൊണ്ട് കെ.എസ്.യുവിന്റെ പോരാളികളെ ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ക്യാമ്പസില്‍ എസ്.എഫ്.ഐയും ക്യാമ്പസിന് പുറത്ത് ഡി.വൈ.എഫ്.ഐയും നടത്തുന്ന ഇത്തരം കാടത്തങ്ങള്‍ അവസാനിപ്പിക്കണം. അക്രമങ്ങള്‍ നടത്തിയവര്‍ക്കെതിരെയും കൊലവിളി നടത്തിയവര്‍ക്കെതിരെയും പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എസ്.എഫ്.ഐയ്ക്ക് സ്വാധീനമുള്ള മുചുകുന്ന് കോളേജില്‍ യു.യു.സി അടക്കമുള്ള അഞ്ച് സീറ്റുകളില്‍ യു.ഡി.എസ്.എഫ് ജയിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.