നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റത് കൊയിലാണ്ടി സ്വദേശികളായ ആറ് യുവാക്കള്‍ക്ക്‌, അപകടം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പോയി മടങ്ങി വരുന്നതിനിടെ


വടകര: നാദാപുരം റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊയിലാണ്ടി സ്വദേശികളായ ആറ് യുവാക്കള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

ചാലില്‍ പറമ്പില്‍ സിനാന്‍ സി.പി (18), സിനാന്‍(18), ചാലില്‍ പറമ്പത്ത് മജീദ് (20), മുഹമ്മദ് റിഷാദ് (19), വളപ്പില്‍ ചെറിയ പുരയില്‍ ആദീല്‍ (20),സൈഫു (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് രാവിലെ 8.45ഓടെയാണ്‌ അപകടം നടന്നത്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സുഹൃത്തിനെ ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. ഇതിനിടെയാണ്‌ നിയന്ത്രണം വിട്ട് നാദാപുരം റോഡില്‍ തലകീഴായി മറിഞ്ഞത്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപത്തെ റോഡിലേക്കാണ് കാര്‍ തെന്നിമാറി വീണത്‌.

അപകടത്തിന് പിന്നാലെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരും നാട്ടുകാരും കൂടിയാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇവരെ സൊസൈറ്റിയിലെ ജീവനക്കാരുടെ വാഹനങ്ങളിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.