വ്യൂ പോയിന്റ്, പവലിയന്‍, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട് എന്നിവയെല്ലാം റെഡി; വയലടയില്‍ ടൂറിസം വകുപ്പിന്റെ വികസന പദ്ധതി പൂര്‍ത്തിയായി, സഞ്ചാരികള്‍ക്ക് സ്വാഗതം


ബാലുശ്ശേരി: ടൂറിസം വകുപ്പിന്റെ വികസന പദ്ധതി പൂര്‍ത്തിയായി സഞ്ചാരികളെ സ്വാഗതം ചെയ്ത് വയലട. വയലട റൂറല്‍ ടൂറിസം ഡെവലപ്മെന്റ് പദ്ധതി ഇന്ന് പൊതുമാരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

ഒന്നാം ഘട്ട വികസനത്തിനായി 3.04 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 3 കോടി 52000 രൂപ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു. പവലിയന്‍, പ്രധാന കവാടം, സൂചനാ ബോര്‍ഡുകള്‍, ലാന്റ്സ്‌കേപ്പിംഗ്, ഇരിപ്പിടങ്ങള്‍, ഫുഡ് കോര്‍ട്ട്, കോഫീഷോപ്പ്, സോളാര്‍ ലൈറ്റ്, ശുചിമുറി, ഫെസിലിറ്റേഷന്‍ സെന്റര്‍, വ്യൂ പോയിന്റ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രധാന ഘടകങ്ങള്‍.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വയലട. ഇവിടെ എത്തിയാല്‍ മേഘങ്ങള്‍ക്ക് താഴെ വെള്ളത്താല്‍ ചുറ്റപ്പെട്ട ഹരിതഭൂമിയും കക്കയം ഡാം റിസര്‍വോയറിന്റെ മനോഹര കാഴ്ചകളും കാണാവുന്നതാണ്.

കോവിഡാനന്തരം പ്രാദേശിക ടൂറിസം മേഖലകള്‍ കേന്ദ്രീകരിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കിയ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ വയലടയെ മറ്റ് ജില്ലകളില്‍ നിന്നുള്ള സഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ ദിവസേന നിരവധിയാളുകളെത്തുന്ന മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വയലട.

കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി ചടങ്ങില്‍ മുഖ്യാതിഥിയായി.