‘മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം, ഞാനും കുടുംബവും ആത്മഹത്യയുടെ വക്കില്‍’; സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് മനാഫിന്റെ പരാതി


കോഴിക്കോട്: സമൂഹ മാധ്യമങ്ങളിലെ അപവാദ പ്രചാരണത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി മനാഫ്. യൂട്യൂബ് ചാനലുകളിലെ വിദ്വേഷ വീഡിയോകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് മനാഫ് പരാതിയില്‍ ചൂണ്ടികാട്ടി.

ഒക്ടോബര്‍ രണ്ടിന് പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുത്തില്ലെന്നാണ് മനാഫിന്റെ ആരോപണം. മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും മനാഫ് പരാതിയില്‍ പറയുന്നു.

അതിനിടെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം സൈബര്‍ ആക്രമണത്തിനെതിരെ നല്‍കിയ പരാതിയില്‍ നിന്നും മനാഫിനെ ഒഴിവാക്കും. അര്‍ജുന്റെ കുടുംബം ചേവായൂര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ മനാഫിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. തുടര്‍ന്നാണ് എഫ്.ഐ.ആറില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.

അര്‍ജുന്റെ സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച്ച രാത്രിയാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്. സാമുദായിക സ്പര്‍ധ സൃഷ്ടിക്കുന്നതും കലാപത്തിന് സാധ്യതയൊരുക്കുന്നതുമായ സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.

Summary: Manaf’s complaint to the Chief Minister against the slanderous propaganda in the social media