വിൽപ്പനയ്ക്കായെത്തിച്ച കഞ്ചാവ് സ്‌കൂട്ടറിൽ കടത്താൻ ശ്രമം; തൊട്ടിൽപ്പാലത്ത് രണ്ട് യുവാക്കൾ പിടിയിൽ


തൊട്ടിൽപാലം: സ്‌കൂട്ടറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവുമായി തൊട്ടിൽപ്പാലത്ത് രണ്ട് പേർ പിടിയിൽ. പൂതംപാറ വയലിൽ ജോസഫ് (23), ചൊത്തക്കൊല്ലി വയലിൽ ആൽബിൻ തോമസ് (22) എന്നിവരാണ് പിടിയിലായത്. ആറു കിലോ കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു. കഞ്ചാവ് കടത്താൻ ശ്രമിച്ച സ്കൂട്ടർ പോലിസ് കസ്റ്റഡിയിലെടുത്തു.

റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൊട്ടിൽപാലം ചൂരണിയിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് കുറ്റ്യാടി മേഖലയിൽ ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലിസ് പറഞ്ഞു.

സ്‌പെഷൽ സ്‌ക്വാഡ് എസ്‌ഐ മനോജ്കുമാർ രാമത്ത്, തൊട്ടിൽപാലം എസ്‌ഐ അൻവർഷാ, എഎസ്‌ഐമാരായ വി.വി.ഷാജി, വി.സി.ബിനീഷ്, സദാനന്ദൻ വള്ളിൽ, മുനീർ, എസ്‌സിപിഒ ഷാഫി, സിപിഒ അഖിലേഷ് എന്നിവരങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.