പതിനൊന്ന് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പേരാമ്പ്ര സ്വദേശിയായ 60കാരന് അഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും


പേരാമ്പ്ര: പതിനൊന്ന് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. ഏരവട്ടൂര്‍ കിഴക്കയില്‍ വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ (60) എന്ന മണിക്ക് ആണ് പോക്‌സോ കേസില്‍ ശിക്ഷ ലഭിച്ചത്.

കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് ടി.പി. അനില്‍ ആണ് പോക്‌സോ നിയമപ്രകാരം പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ബാലികയ്ക്ക് നല്‍കാനും വിധിന്യായത്തില്‍ പറയുന്നു.

2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ പെട്ടിക്കടയില്‍ കൂട്ടുകാരുടെ കൂടെ സാധനം പോയ പതിനൊന്നു വയസ്സുകാരിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി വിവരം അമ്മയോട് പറയുകയായിരുന്നു.

പേരാമ്പ്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.കെ. റൗഫ് ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ പി. ജെതിന്‍ ഹാജരായി.