കുപ്രസിദ്ധ മോഷ്ടാക്കളായ ‘ബാപ്പയും മക്കളും’ കൊയിലാണ്ടിയിലും മോഷണം നടത്തിയതായി വിവരം; സംഘത്തിലെ നാല് പേര്‍ കൊച്ചിയില്‍ പിടിയില്‍


കൊയിലാണ്ടി: ബാപ്പയും മക്കളും എന്ന പേരിലറിയപ്പെടുന്ന കുപ്രസിദ്ധ മോഷണസംഘം കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങളിലും മോഷണം നടത്തിയതായി വിവരം. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് സംഘം കോഴിക്കോട് കേന്ദ്രീകരിച്ചും മോഷണം നടത്തിയതായി വ്യക്തമായത്.

നിരവധി മോഷണക്കേസുകളില്‍ പ്രതികളായ കോഴിക്കോട് കുറ്റിക്കാട്ടൂർ വലിയപറമ്പ്‌ കീഴ്‌മടത്തിൽ മേക്കൽ മുഹമ്മദ് തായ്‌ (20), കണ്ണങ്കര ഉരുളുമല ചേലന്നൂർ വി ഷാഹിദ്‌ (20), കല്ലായി ചക്കുംകടവ്‌ എംപി ഹൗസിൽ എം പി ഫാസിൽ (23), ബാലുശേരി മഞ്ഞപ്പാലം തൈക്കണ്ടിയിൽവീട്ടിൽ ഗോകുൽ (20) എന്നിവര്‍ കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ പിടിയിലായത്. നഗരത്തിൽ വൻ കവർച്ച നടത്താനായി എത്തിയതായിരുന്നു സംഘം.

ബാപ്പയും മക്കളും എന്ന പേരിലറിയപ്പെടുന്ന സംഘത്തിലെ പ്രധാനിയായ ഫസലുദീന്റെ മകനാണ്‌ ഫാസിൽ. എറണാകുളം പ്രോവിഡൻസ് റോഡിലെ വീട്ടിൽനിന്ന് ബൈക്ക്‌ മോഷ്ടിക്കാന്‍ ശ്രമിച്ച സംഘം തുടർന്ന്‌ സമീപത്തുള്ള ടർഫിന്റെ ഓഫീസിൽ കയറി വാച്ചും മറ്റൊരു ഓഫീസിൽനിന്ന്‌ മൊബൈൽഫോണും മോഷ്ടിച്ച്‌ കടന്നുകളയുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ 2.30ഓടെ സംഘം പോലീസിന്റെ പിടിയിലാവുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊയിലാണ്ടി ഉള്‍പ്പെടെ കോഴിക്കോട് കേന്ദ്രീകരിച്ചും സംഘം മോഷണം നടത്തിയതായി വ്യക്തമായത്. കൊയിലാണ്ടി സ്റ്റേഷന്‍ പരിധിയില്‍ നിന്ന്‌ ഒരു ബുള്ളറ്റും സ്‌ക്കൂട്ടറും സംഘം മോഷ്ടിച്ചതായി സമ്മതിച്ചിട്ടുണ്ട്. താമരശ്ശേരിയിലെ മൈക്രോലാബിന്‍ നിന്ന് 68,000രൂപയും നാല് മൊബൈല്‍ ഫോണുകളുമാണ് പ്രതികള്‍ മോഷ്ടിച്ചത്. ഇതില്‍ ഒരെണ്ണം കണ്ടെടുത്തിട്ടുണ്ട്. ഒപ്പം സെന്‍ട്രിയല്‍ ബസാറില്‍ നിന്ന് ഒന്നര ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചതായും വിവരമുണ്ട്.

കൊയിലാണ്ടി കൊല്ലത്ത് നിന്ന് അപ്പാര്‍ട്ട്‌മെന്റ് പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ പിടിയിലായ മൂന്ന് പേര്‍ ഇവരുടെ സംഘത്തില്‍പ്പെട്ടവരാണെന്നാണ്‌ വിവരം. മാത്രമല്ല അഞ്ച് പേരടങ്ങുന്ന സംഘമായിരുന്നു മോഷണം നടത്തിയത്. അതില്‍ നിന്നും രക്ഷപ്പെട്ടയാളാണ് കൊച്ചിയില്‍ പിടിയിലായ ഗോകുല്‍ എന്നാണ് ലഭിക്കുന്ന വിവരം.

കൊയിലാണ്ടിയിലെ മോഷണത്തിന് ശേഷം സംഘം ബാംഗ്ലൂരിലേക്ക് കടന്നിരുന്നു. തുടര്‍ന്നാണ് കൊച്ചിയില്‍ വീണ്ടും എത്തിയത്. റിമാന്റില്‍ കഴിയുന്ന പ്രതികളെ താമരശ്ശേരി, കോഴിക്കോട് പോലീസ് കസ്റ്റഡിയിലെടുക്കും. എറണാകുളം സെൻട്രൽ എസ്‌ഐ സി അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.