മൂടാടി വീമംഗലം യു.പി സ്‌കൂളിന് സമീപം ഏതുനിമിഷവും നിലംപതിക്കാമെന്ന നിലയില്‍ തണല്‍മരം; അപകട സാഹചര്യം ഒഴിവാക്കണമെന്ന് നാട്ടുകാര്‍


മൂടാടി: മൂടാടി ടൗണിനും വീമംഗലം യുപി സ്‌കൂളിനും ഇടയില്‍ ദേശീയപാതയ്ക്ക് അരികില്‍ ഏതുനിമിഷവും നിലമ്പൊത്താവുന്ന നിലയില്‍ തണല്‍മരം അപകട ഭീഷണി ഉയര്‍ത്തുന്നു. മരത്തിന് സമീപമുള്ള കല്‍ മതില്‍ ഇന്നലെ രാത്രി ഇളകി പൊട്ടിയ നിലയിലാണ് ഉള്ളത്. മരം അല്പം ദേശീയപാതയിലേക്ക് ചരിഞ്ഞത് കൊണ്ടാണ് ഇങ്ങനെ കല്ലുകള്‍ ഇളകിയത്.

മരം കടപുഴകി വീഴുകയാണെങ്കില്‍ അത് വലിയ നാശത്തിന് വഴിവെച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഈ മരത്തിന്റെ സമീപത്ത് ഇലക്ട്രിക് പോസ്റ്റുകള്‍ ഉണ്ടെന്നുള്ളത് ആശങ്ക വര്‍ധിപ്പിക്കുന്നു.

തൊട്ടടുത്തുള്ള വിമംഗലം യു.പി സ്‌കൂളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ കടന്നു പോകുന്നതും ഇതിനു സമീപത്തു കൂടെ തന്നെ. അപകടം സംഭവിക്കുന്നതുവരെ കാത്തുനില്‍ക്കാതെ എത്രയുംപെട്ടെന്ന് മരംമുറിച്ചുമാറ്റി അപകട സാധ്യത ഇല്ലാതാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.