തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക; വിവിധ ആവശ്യങ്ങളുന്നയിച്ച് പയ്യോളി നഗരസഭ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി വഴിയോര കച്ചവട തൊഴിലാളി യൂണിയൻ
പയ്യോളി: വിവിധ ആവശ്യങ്ങളുന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു പയ്യോളി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി.
വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം സമഗ്രമായി നടപ്പാക്കുക, വഴിയോരക്കച്ചവട തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യുക, വഴിയോരക്കച്ചവടക്കാരെ അനധികൃതമായി ഒഴിപ്പിക്കുന്ന നടപടിയിൽ നിന്ന് അധികാരികൾ പിന്മാറുക, ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ജോലി നഷ്ടമായ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
മാർച്ച് ജില്ലാ ട്രഷറർ ടി.കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ.ടി രാജൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.കെ സുധീഷ്, ബി സുബീഷ്, പ്രദീപ് തോലേരി എന്നിവർ സംസാരിച്ചു. എൻ സക്കറിയ സ്വാഗതവും എ.വി നൗഫൽ നന്ദിയും പറഞ്ഞു.