തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ട്: ഓവുപാലം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു, പയ്യോളി ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടുന്നില്ല


തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ്‌ റോഡ് കീറി ഓവുപാലം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്‌. ഇതേ തുടര്‍ന്ന് സ്ഥലത്ത് വന്‍ ഗതാഗാതകുരുക്കാണ് ഉണ്ടായിരിക്കുന്നത്.

പയ്യോളി ഭാഗത്തേക്ക് ചെറുവാഹനങ്ങള്‍ പോലും നിലവില്‍ കടത്തി വിടുന്നില്ല എന്നാണ് വിവരം. ആനക്കുളം, മുചുകുന്ന്, പുറക്കാട് വഴിയാണ് ആളുകള്‍ പയ്യോളിയിലേക്ക് പോവുന്നത്. പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണിട്ട് മൂടിയാല്‍ മാത്രമേ ഈ ഭാഗത്തുള്ള ഗതാഗത തടസ്സം പുന:സ്ഥാപിക്കുകയുള്ളൂവെന്നാണ് ലഭിക്കുന്ന വിവരം. നന്തിയില്‍ നിന്നും പള്ളിക്കര റോഡിലേക്കാണ് ഇപ്പോള്‍ വാഹനങ്ങള്‍ തിരിച്ചുവിടുന്നത്. രണ്ട് ഭാഗത്ത് നിന്നുമുള്ള വാഹനങ്ങള്‍ വരുന്നതിനാല്‍ ഈ ഭാഗത്തും ഗതാഗതകുരുക്കാണ്. അതിനാല്‍ ഈ വഴി വരുന്ന യാത്രക്കാര്‍ ശ്രദ്ധിക്കണം.

ദേശീയ പാതയിലെ രണ്ട് ഓവുപാലങ്ങള്‍ അടച്ചച്ചതും മഴയും പെയ്തതോടെയാണ്‌ പഞ്ചായത്ത് ബസാറില്‍ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്‌. ഇതേ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദിന്റെ നേത്യത്വത്തില്‍ തിക്കോടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ദേശീയപാത പ്രൊജക്റ്റ് ഡയരക്ടര്‍ അഷുതോഷ് സിന്‍ഹയുടെ ഓഫീസിലെത്തി പ്രതിഷേധിച്ചതിന്റെ ഭാഗമായി സംഭവ സ്ഥലം തിങ്കളാഴ്ച സന്ദര്‍ശിച്ച് ഉടന്‍ പരിഹാരമുണ്ടാക്കാമെന്ന് ഡയറക്ടര്‍ ഉറപ്പ് നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകിട്ട് സംഭവ സ്ഥലം സന്ദര്‍ശിച്ച പ്രൊജക്റ്റ് ഡയരക്ടര്‍ അഷുതോഷ് സിന്‍ഹ രണ്ട് ദിവസത്തിനുള്ളില്‍ പടിഞ്ഞാറ് ഭാഗത്തെ വെള്ളം പൈപ്പ് വഴി കിഴക്ക് ഭാഗത്തെ നിലവിലെ ഡ്രൈനേജില്‍ ഒഴിവാക്കാമെന്നും ശാശ്വത പരിഹാരമായി ദേശീയ പാതയില്‍ അണ്ടര്‍പാസിന് സമീപത്ത് ഓവുപാലം പുന:സ്ഥാപിച്ച് വെള്ളം കിഴക്ക് ഭാഗത്തെ ഡ്രൈനേജില്‍ ഒഴിക്കിവിടാനുള്ള സംവിധാനം ചെയ്യാമെന്നും ഈ പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പണികള്‍ ആരംഭിച്ചിരുന്നു. പടിഞ്ഞാറ് ഭാഗമുള്ള ഡ്രൈനേജ് പുനസ്ഥാപിക്കാനുള്ള നടപടികളാണ്‌ ഇന്നലെ ഉച്ചയോടെ ആരംഭിച്ചത്‌.