ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയില്‍ വലഞ്ഞ് ജനങ്ങള്‍; സിപിഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ പരാതിയിൽ ദുരിതബാധിത പ്രദേശങ്ങൾ നോഡൽ ഓഫീസർ സന്ദര്‍ശിക്കുന്നു


പയ്യോളി: സിപിഐ(എം) പയ്യോളി ഏരിയ കമ്മിറ്റിയുടെ പരാതിയിൽ ദേശീയപാത ആറ് പാതയുടെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ടുണ്ടായ വെള്ളക്കെട്ടും, ദുരിതബാധിത പ്രദേശങ്ങളും ദേശീയപാത നോഡൽ ഓഫീസർ സന്ദര്‍ശിക്കുന്നു. നന്തി, തിക്കോടി, പയ്യോളി പ്രദേശങ്ങളാണ്‌ കോഴിക്കോട് ജില്ലാ സബ് കളക്ടറും അഴിയൂർ-വെങ്ങളം റീച്ച് ദേശീയപാത നോഡൽ ഓഫീസറുമായ ഹർഷിൽ ആർ.മീണ ഐഎഎസ് വെള്ളിയാഴ്ച സന്ദര്‍ശിക്കുന്നത്‌.

മൂരാട് മുതൽ നന്തിവരെയുള്ള ആറ് വരി പാതയുടെ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വാഹന യാത്രക്കാരും പൊതുജനങ്ങളും അനുഭവിക്കുന്ന വെള്ളക്കെട്ടും, റോഡുകളുടെ ശോച്യാവസ്ഥയും, നന്തി വാഗാഡ് ലേബർ ക്യാമ്പിന്റെ അശാസ്ത്രീയമായ പ്രവർത്തനവും ചൂണ്ടിക്കാട്ടി സിപിഐ(എം) പയ്യോളി ഏരിയ കമ്മിറ്റി അടുത്തിടെ ജില്ലാ കലക്ടർക്കും സബ്കലക്ടർക്കും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അസിസ്റ്റന്റ് കളക്ടർ പ്രശ്‌നങ്ങള്‍ നേരില്‍ കണ്ട്‌ ബോധ്യപ്പെട്ട് നടപടി സ്വീകരിക്കാൻ തയ്യാറായത്.

സിപിഐ(എം) പയ്യോളി ഏരിയ സെക്രട്ടറി സഖാവ് എം.പി ഷിബുവിന്റെ നേതൃത്വത്തിൽ ഡി.ദീപ, ടി.ചന്തു മാസ്റ്റർ, കെ.ജീവാനന്ദൻ മാസ്റ്റർ, സി.കെ. ശ്രീകുമാർ, എൻ.സി മുസ്തഫ, എ.കെ ഷൈജു, വി.വി സുരേഷ്, കെ.സത്യൻ എന്നിവർ ചേർന്നാണ് പരാതി നല്‍കിയത്‌.