തിക്കോടി സ്വദേശിയായ കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്‌തോ ?; പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്!
തിക്കോടി: തിക്കോടി പള്ളിക്കരയില്‍ കുളത്തില്‍ കുളിച്ച ഒരുകുട്ടിയ്ക്ക് കടുത്ത പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനി, തലവേദന, അപസ്മാരം എന്നീ ലക്ഷണങ്ങള്‍ കണ്ടത്തിയതിനാല്‍ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ ആവാമെന്ന് ഡോക്ടര്‍ പറഞ്ഞു. തിക്കോടി പഞ്ചായത്ത് 3 ആം വാര്‍ഡിലെ കുട്ടിയ്ക്കാണ് ലക്ഷണങ്ങള്‍ ഉള്ളതായി സംശയമുള്ളത്. ടെസ്റ്റ് വിവരം പുറത്തുവന്നാലേ കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് ഡോക്ടര്‍ പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ഇതിനെ തുടര്‍ന്ന് പയ്യോളി മുന്‍സിപ്പാലിറ്റി നെല്ല്യേരി മാണിക്കോത്തിലെ കീഴൂര്‍ 20 ആം വാര്‍ഡിലെ കാട്ടും കുളത്തിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചതായി പയ്യോളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഈ കുളത്തില്‍ കുളിച്ചതിനാലാണ് കുട്ടിയ്ക്ക് ലക്ഷണങ്ങള്‍ കണ്ടെത്തിയതെന്നാണ് വാര്‍ത്ത പരക്കുന്നത്. എന്നാല്‍ കുട്ടി ഈ കുളത്തില്‍ മാത്രമല്ല കുളിച്ചതെന്നും നിലവില്‍ കുളത്തിലെ വെള്ളം ടെസ്റ്റ് ചെയ്യുവാനായി കോഴിക്കോട് ലാബിലേയ്ക്ക് അയച്ചതായും പയ്യോളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മജീദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ടെസ്റ്റ് ഫലം ലഭിക്കാതെ കൃത്യമായി പറയാനാനാകില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പയ്യോളിയിലെ കുളങ്ങള്‍ ക്ലോറിനേഷന്‍ നടത്തിയതിന് ശേഷമേ ആളുകള്‍ക്ക് പ്രേവശിക്കാന്‍ അനുമതി നല്‍കാവൂ എന്ന് നിര്‍ദേശം നല്‍കിയതായി പയ്യോളി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
തുടര്‍ന്ന് അധികൃതരുടെ നിര്‍ദേശ പ്രകാരം കുളത്തില്‍ ക്ലോറിനേഷന്‍ നടത്തുകയും പ്രവേശനം നിരോധിച്ചതായി ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കുട്ടിയ്ക്ക് ലക്ഷണങ്ങള്‍ ഉണ്ടെന്ന് മാത്രമാണ് ഡോക്ടര്‍ തന്നോട് പറഞ്ഞതെന്ന് വാര്‍ഡ് മെമ്പര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.