” പരിഭവങ്ങളോ പരാതിയോ ഇല്ലാത്ത ആര്‍ത്തിയോ അതിമോഹങ്ങളോ തീണ്ടാത്ത അസൂയയും വെറുപ്പുമില്ലാത്ത പോകുന്നയിടങ്ങളെല്ലാം തന്റേതാക്കിയ സെയ്തുട്ടിക്ക ” അന്തരിച്ച വാളിപ്പറമ്പില്‍ സെയ്തൂട്ടിയെക്കുറിച്ച് ഫാസില്‍ നടേരി എഴുതുന്നു
ഫോട്ടോ: കിഷോർ മാധവ്
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പില്‍ അടിക്കുറിപ്പോടുകൂടിയ ഒരു ഫോട്ടോ കാണാനിടയായത് ”ഊരള്ളൂര്‍ സെയ്തുട്ടിക്ക മരണപ്പെട്ടു”. നാട്ടിലെ മറ്റ് വാട്സാപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലും എല്ലാം സെയ്ദൂട്ടികയുടെ മരണവാര്‍ത്ത വന്നുകൊണ്ടേയിരിക്കുന്നു.
നാട്ടിലെ രാഷ്ട്രീയ മത സാമൂഹിക സംസ്കാരിക സംഘടനകളിലൊന്നും സെയ്ദുട്ടിക്ക അംഗമായോ നേതാവായോ ഇരുന്നിട്ടില്ല. എന്നിട്ടുമയാള് നാട്ടില്‍ സുപ്രസിദ്ധനും പരിചിതനുമാണ്. ഒരിക്കല്‍ കണ്ടു മുട്ടിയ ഓരോ ആളിലും സെയ്ദുട്ടിക്കയുടെ നീണ്ട് മെലിഞ്ഞ രൂപം പതിഞ്ഞിരിപ്പുണ്ടാകും.
പോകുന്നയിടങ്ങളെല്ലാം തന്റെതാണയാള്ക്ക്. കണ്ടുമുട്ടുന്ന മനുഷ്യരത്രയും അയാളോളം അയാള്‍ക്ക് പ്രിയപ്പെട്ടവരാണ്. രക്തബന്ധമോ കുടുംബബന്ധമോ ദേശബന്ധമോ സൗഹൃദങ്ങളോ നോക്കാതെ ഓരോ മരണവീട്ടിലും അയാളെത്തും. ക്ഷണിക്കപ്പെട്ടും അല്ലാതെയും പ്രദേശത്തെ കല്യാണവീട്ടിലും അയാളുണ്ടാകും
ആള്‍ക്കൂട്ടത്തില്‍ തനിയെ നില്ക്കുന്നയാള്.
പരിഭവങ്ങളോ പരാതിയോ ഇല്ലാത്ത ആര്‍ത്തിയോ അതിമോഹങ്ങളോ തീണ്ടാത്ത അസൂയയും വെറുപ്പുമില്ലാത്ത ശുദ്ധമാനസി. അതിനാല്‍ അയാളെ അറിയുന്ന എല്ലാവര്ക്കും അയാള്‍ പ്രിയപ്പെട്ടൊരാളാണ്. അവരുടെ സെയ്ദൂട്ടിയാണ്. അതിരാവിലെ ആരൊയൊക്കെയോ കാണാന്‍ എവിടെയൊക്കെയോ പോകാന്‍ തനിക്കറിയുന്നവരുടെയും തന്നെയറിയാത്തവരുടെയും സന്തോഷ സന്ദാപങ്ങളില് കൂടെ കൂടാന്‍ തേഞ്ഞു തീര്‍ന്ന ചെരുപ്പും ആര്‍ഭാടരഹിതമായ മുണ്ടും ഷര്‍ട്ടും ധരിച്ച് സെയ്ദൂട്ടിക്ക ചെറോല്‍പ്പുഴയും കടന്ന് ഞങ്ങളുടെ കാവുംവട്ടത്തും എത്താറുണ്ടായിരുന്നു.
തനിക്കത്രയും പരിചതമായ തന്റെ തന്നെ ദേശമായി കാവുംവട്ടവും മൂഴിക്കുമീത്തലും ഒറ്റക്കണ്ടവും മുത്താമ്പിയും ആ മനുഷ്യന് അനുഭവിച്ചിട്ടുണ്ട്. ഇനിയും വേണമെന്ന ആര്‍ത്തിയുടെ വര്‍ത്തമാനങ്ങളില്‍ നിന്ന് വിരക്തിയുടെ പാഠങ്ങള്‍ നല്കുന്ന പുസ്തകം പോലെ ഒരാള്‍. ചിലപ്പോള്‍ പത്ത് ഉറുപ്പിക ഇല്ലെങ്കില്‍ ഇരുപത് അന്‍പത് നൂറ് ഇതൊക്കെയാണ് പതിവ്. ചിലപ്പോള്‍ ചായ കുടിക്കാന്‍ മുടിവെട്ടാന്‍ മരുന്ന് വാങ്ങാന്‍.
അയാള്‍ ചോദിക്കും നാട്ടുകാര്‍ പരിചയക്കാര് അത് സ്നേഹത്തോടെ നല്‍കും. ഇന്ന് ഊരള്ളൂരിലെ സഹോദരിയുടെ വീട്ടില്‍ അവസാനയാത്രക്ക് മുമ്പ് തന്റെ പ്രിയപ്പെട്ടവര്‍ക്ക് കാണാന്‍ വെള്ളപുതച്ച് സുന്ദരനായി സെയ്ദുട്ടിക്ക നീണ്ട് നിവര്‍ന്ന് കിടന്നുകൂടി നില്ക്കുന്നവരില് സമൂഹത്തിലെ വിവിധ രംഗങ്ങളില്‍ ഇടപെടുന്ന കുറെ മനുഷ്യരുണ്ട് എല്ലാവര്ക്കും ഒരു പോലെ പ്രിയപ്പെട്ടൊരാള്‍ തന്നെ.
ശക്തമായ മഴയിലും വീടന്വേഷിച്ച് പലവഴികളില്‍ നിന്നായി ആരൊക്കെയോ എത്തുന്നുണ്ട്. തുള്ളി മുറിയാത്ത മഴ നനഞ്ഞ് ഒരുനോക്ക് കാണാന്‍ ഞാനും പോയിരുന്നു. ആംബുലന്‍സിലേക്ക് മയ്യിത്ത് കയറ്റിവെക്കുമ്പോഴും മഴ തോര്‍ന്നതേയില്ല.
ആ മഴത്തുള്ളികളത്രയും സെയ്ദുട്ടിക്കയെ നനയിപ്പിക്കാതെ ഉമ്മവെച്ചിരിക്കും. എലങ്കമല്‍ പള്ളി ഖബര്‍സ്ഥാനിലെ ആറടി മണ്ണയാള്ക്ക് അറപണിയും ആ ഇരുട്ടയാള്ക്ക് പുതപ്പാകും നിര്‍ത്താതെ പെയ്യുന്ന മഴ പനിനീര് തീര്‍ത്ഥമായി അയാളെ സ്നാനം ചെയ്യിക്കും.
ജീവിതത്തില്‍ അയാള്‍ ഏകാകിയായിരുന്നു സാമൂഹികമായി വലിയ ബന്ധങ്ങളുടെ സമുച്ചയമായിരുന്നു
ദുനിയാവിലെ അധികാരത്തിന്റെ പദവികളിലൊന്നുമിരുന്നിട്ടില്ലാത്ത ആ മനുഷ്യന് റബ്ബ് ഉന്നത പദവി നല്കിയനുഗ്രഹിക്കും തീര്‍ച്ച!
കാരണം ഈ ഭൂമിയിലൂടെ അയാള്‍ നടന്ന് പോയത് എത്രമാത്രം വിനയഭാവത്തോടെയാണ്. വിനയാന്വിതരായ അടിമയെ മാലാഖമാരോട് റബ്ബ് എങ്ങനെയാകും സ്വീകരിക്കാന്‍ പറഞ്ഞിട്ടുണ്ടാവുക. രണ്ടാഴ്ചമുമ്പ് ഒരു വെള്ളിയാഴ്ച ചെറുവൊടി പള്ളിയില്‍ ജുമുഅക്ക് എത്തിയിരുന്നു. എന്തോ ചെറിയ സാമ്പത്തിക ആവശ്യം ജുമുഅക്കെ പുറമെയുണ്ട് അതൊന്ന് നിറവേറ്റണം. പള്ളിയില്‍ പിരിവ് നടത്തണമെങ്കില്‍ മുന്‍കൂട്ടി കത്ത് നല്‍കുകയോ അറിയിക്കുകയോ വേണം.
പക്ഷെ സെയ്ദൂട്ടിക്കാക്ക് എന്ത് കത്ത് ആരുടെ അനുവാദം. മറ്റൊരു ഉസ്താദിനുള്ള പിരിവ് നടത്താന്‍ ബക്കറ്റുമായി പള്ളിയുടെ വാതിലില്‍ നില്ക്കുന്ന എന്നോടന്ന് ആ പാവം പറഞ്ഞു ‘മോനേ വേഗം നോക്ക് ഞ്ചെതും കൂടി വാങ്ങിക്കോ ഡോക്ടടെ കാണാന്‍ ഉള്ളതാണ്’ ആ മുഖപ്രസാദത്തിനപ്പഴും ചുളിവ് വീണിരുന്നില്ല ചിരി മാഞ്ഞതുമില്ല.
നീണ്ട തലപ്പൊക്കമുള്ള ആ മനുഷ്യന് ഊരള്ളൂരിന്റെ തെരുവുകളിലും ചെറോല്‍ ചല്ലിയുടെ ഓരത്തും ബസ്സ്സ്റ്റോപ്പിലും ചായക്കടയിലും പള്ളിയിലും കല്യാണ വീടുകളും ഇനിയുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ മനസ്സ് മുറിഞ്ഞ് നീറുന്നപോലെ തോന്നുകയാണ്. നാട്ടിലെ ഞങ്ങളുടെ തലമുറകളില്‍ പെട്ടവരുടെ കളിയിലും കാര്യത്തിലും ഒരു കഥാപാത്രമായി വിസ്മയമായി നിങ്ങളുണ്ടായിരുന്നു.