ഒരു വൻദുരന്തത്തിന് കാരണമാകാതെ നാട്ടുകാരോട് യാത്രപറഞ്ഞുപോയ അറബിപ്പുളി മരം; കൊല്ലം ടൗണിലെ ആ വലിയ തണൽമരം കടപുഴകി വീണതിൻ്റെ ഓർമ്മകൾക്ക് ഒമ്പതാണ്ട്


ജിന്‍സി ബാലകൃഷ്ണന്‍

കൊയിലാണ്ടി: കൊല്ലം ടൗണിനെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ട ഒന്ന്, പതിറ്റാണ്ടുകളോളം തണലും തണുപ്പുമായിരുന്ന ആ വലിയ മരം ഓര്‍മ്മകള്‍ അവശേഷിപ്പിച്ച് പോയിട്ട് ഒമ്പതുവര്‍ഷം തികയുകയാണ്. 2015 ജൂണ്‍ 29നായിരുന്നു ആ അറബി പുളിമരം കടപുഴകി വീണത്.

കൊല്ലത്തെ പലര്‍ക്കും പലതരം ഓര്‍മ്മകള്‍ ഈ മരത്തെ ചുറ്റിപ്പറ്റിയുണ്ടാകും. ആ തണല്‍പറ്റിയുള്ള കാത്തിരിപ്പുകളെക്കുറിച്ചാകാം, അതിനടുത്തിരുന്ന് പങ്കിട്ട സൗഹൃദങ്ങളെയും പ്രണങ്ങളെയും കുറിച്ചൊക്കെയാകാം, എന്നാല്‍ കൊല്ലം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ചെട്ട്യാട്ടിൽ മുരളിയെ സംബന്ധിച്ച് മരണത്തെ മുന്നില്‍കണ്ട നിമിഷങ്ങളെക്കുറിച്ചാവും പറയാനുണ്ടാകുക.

ഓട്ടത്തിനിടെ വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കുന്ന പതിവ് മുരളിക്കുണ്ടായിരുന്നില്ല. പക്ഷേ അന്ന് വണ്ടിയ്ക്ക് എന്തോ പണി വന്നതിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പിലായിരുന്നു. കയ്യിലുണ്ടായിരുന്ന കാശെല്ലാം അവിടെ ചിലവായി. അങ്ങനെയാണ് ഊണ് കഴിക്കാന്‍ വീട്ടില്‍പോകാമെന്ന് തീരുമാനിച്ചത്. വണ്ടിയുമെടുത്ത് കൊല്ലം ടൗണിലെത്തി അറബിപുളിമരത്തിന് ചുവട്ടിലായി നിര്‍ത്തിയിട്ട് ഓട്ടോയില്‍ തന്നെ ഇരിക്കുകയായിരുന്നു മുരളി. ഉച്ചയ്ക്ക് ഏതാണ്ട് ഒന്നര രണ്ടുമണിയായിക്കാണും. എന്താ ശബ്ദംകേട്ട് നോക്കുമ്പോള്‍ മരം ഓട്ടോയ്ക്കുനേരെ ചെരിയുകയാണ്, ചില്ലകള്‍ ഏതാണ്ട് ഓട്ടോയില്‍ പതിച്ചെന്നപോലെയാണ്. പുറത്തേക്ക് ഓടിയാല്‍ ദേഹത്തുവീഴുമെന്ന് ഉറപ്പാണ്.

മെല്ലെ ഷീറ്റിനുള്ളിലൂടെ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നെന്നാണ് മുരളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. ഓട്ടോയ്ക്ക് ഒന്നരലക്ഷത്തോളം രൂപയുടെ പണി വന്നെങ്കിലും താന്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. മുരളിയ്ക്ക് പരിക്കൊന്നുമില്ലെങ്കിലും അപകട സമയത്ത് ടൗണിലുണ്ടായിരുന്ന മറ്റു നാലുപേര്‍ക്ക് ചെറിയ പരിക്കുകള്‍ പറ്റിയിരുന്നു. സമീപത്തുണ്ടായിരുന്ന രണ്ട് ഓട്ടോറിക്ഷകള്‍ക്ക് കൂടി കേടുപാടുകള്‍ സംഭവിച്ചിരുന്നു. പത്തോളം കടകള്‍ക്കും ചെറിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

ചെറിയ നാശനഷ്ടങ്ങളോടെയാണ് ആ മരം പോയതെങ്കിലും കൊല്ലത്തുള്ളവരെ സംബന്ധിച്ച് ഏറെ ആശ്വാസമാണത്. എപ്പോഴും വന്‍തിരക്ക് അനുഭവപ്പെടുന്ന ടൗണാണ്, ഉച്ചസമയത്തായതുകൊണ്ട് ടൗണില്‍ ആളുകള്‍ കുറവായിരുന്നു, സ്‌കൂളും ഓഫീസുകളും വിടുന്ന സമയമായിരുന്നെങ്കില്‍ വലിയൊരു ദുരന്തമായേനെയെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മരംവീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് അന്ന് ഗതാഗതം തടസപ്പെട്ടത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസുമെല്ലാം ഇടപെട്ടാണ് ദേശീയപാതയില്‍ നിന്നും മരംമുറിച്ചുനീക്കിയത്. കോഴിക്കോട് വരെ നീളുന്ന ഗതാഗതക്കുരുക്കായിരുന്നു. പലവാഹനങ്ങളും മറ്റുചെറുവഴികളെ ആശ്രയിച്ചു. വലിയ ചിലവാഹനങ്ങള്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. രാത്രിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.