ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഫേസ്ബുക്ക് പേജില്‍ അശ്ലീലഭാഷയില്‍ കമന്റ്; പേരാമ്പ്ര സ്വദേശിയും അധ്യാപക സംഘടനാ നേതാവുമായ സ്‌കൂള്‍ അധ്യാപകന് സസ്‌പെന്‍ഷന്‍


നടുവണ്ണൂര്‍: ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അശ്ലീലഭാഷയില്‍ കമന്റിട്ട അധ്യാപന് സസ്‌പെന്‍ഷന്‍. കാവുന്തറ എ.യു.പി സ്‌കൂള്‍ അധ്യാപകന്‍ എം.സജുവിനെയാണ് സസ്‌പെന്റ് ചെയ്തത്. സ്‌കൂള്‍ മാനേജര്‍ മേലേടത്ത് ഉണ്ണിനായരാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മാനേജര്‍ എ.ഇ.ഒയ്ക്ക് കൈമാറും. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന ഭാരവാഹിയാണ്. 

അധ്യാപകന്റെ നടപടിയ്‌ക്കെതിരെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കുഞ്ഞുകുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകന്റെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത ഭാഷാ പ്രയോഗമാണ് സജുവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സി.പി.എം കാവുന്തറ ലോക്കല്‍ സെക്രട്ടറി ശശി മാസ്റ്റര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മദ്യപിച്ച് സ്‌കൂളിലെത്തിയതിനും വിദ്യാര്‍ഥിയെ ചൂല് കൊണ്ടടിച്ചതിനും നേരത്തെയും ഈ അധ്യാപകനെതിരെ പരാതി ഉയര്‍ന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ച ഈ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് സ്ത്രീകള്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എ.സന്തോഷിന്റെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു.

മാര്‍ച്ച് മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡി.ദീപ ഉദ്ഘാടനം ചെയ്തു. കെ.കെ.ഷൈമ അധ്യക്ഷയായി. ഏരിയാസെക്രട്ടറി കെ.കെ.ശോഭ, ശ്രീജ പുല്ലരിക്കല്‍, കെ.എം.നിഷ, ബിന്ദു പുളിക്കൂല്‍, പി.വി.ശാന്ത എന്നിവര്‍ സംസാരിച്ചു.