കണ്ണീർ തോരാതെ കുസാറ്റ്, പ്രിയപ്പെട്ടവര്‍ക്ക് വിട നല്കി സഹപാഠികള്‍; കുസാറ്റ് ക്യാമ്പസിലെ പൊതുദർശനം അവസാനിച്ചു
കൊച്ചി: പ്രതീക്ഷിക്കാതെയുണ്ടായ അപകടത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല കുസാറ്റ് ക്യാമ്പസിലെ വിദ്യാര്‍ത്ഥികൾക്കും അധ്യാപകർക്കും. ഇന്നലെ രാത്രി കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ മരിച്ച മൂന്നു വിദ്യാര്‍ത്ഥികളുടെയും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ കണ്ണീരടക്കാനാകാതെയാണ് സഹപാഠികളും അധ്യാപകരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്.
അപകടത്തില്‍ മരിച്ച കുത്താട്ടുകുളം സ്വദേശിയും കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, ഇലക്ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ മുതല്‍ കുസാറ്റ് ക്യാമ്പസിലെ ഐടി ബ്ലോക്കില്‍ പൊതുദര്‍ശനത്തിനുവെച്ചത്.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ളവരെത്തി അന്തിമോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും വേണ്ടി മന്ത്രിമാരായ ആര് ബിന്ദുവും പി രാജീവും റീത്ത് സമര്‍പ്പിച്ചു. ഹൈബി ഈഡന്, ഉമ തോമസ്, ബെന്നി ബെഹ്നാന്, എഎ റഹീം, അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങിയ ജനപ്രതിനിധികളും അന്തിമോപചാരമര്‍പ്പിക്കാനെത്തി.
9.30 മുതല്‍ രാവിലെ 11വരെയായിരുന്നു പൊതുദര്‍ശനം. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.