കൊയിലാണ്ടിയില്‍ മദ്യപിച്ച് തീവണ്ടിയില്‍ കയറി യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ കേസ്; കേസെടുത്തത് റെയില്‍വേ പൊലീസ്


കൊയിലാണ്ടി: മദ്യപിച്ച് തീവണ്ടിയില്‍ കയറി യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ ഒടുവില്‍ റെയില്‍വേ പൊലീസ് കേസെടുത്തു. മുചുകുന്ന് നെല്ലൊളിത്താഴെ എരോത്ത്താഴ സുബീഷ് (മുപ്പത്തിമൂന്ന്), നടക്കാവ് സ്വദേശിയായ ക്രിസ്റ്റഫര്‍ (ഇരുപത്തിയെട്ട്) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

അക്രമത്തിനിരയായ കോഴിക്കോട് സ്വദേശി റഷീദിന്റെ പരാതിയിലാണ് നടപടിയെന്ന് റെയില്‍വേ പൊലീസ് എസ്.ഐ ജംഷീര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സെക്ഷന്‍ 324, 341, 506, 294(ബി) എന്നിവ പ്രകാരമാണ് കേസെടുത്തത്. കോഴിക്കോട് സ്വദേശിയായ റഷീദ്, റഹീം എന്നിവരുടെ പരാതിയിലാണ് നടപടി. വടകരയില്‍ നിന്നാണ് ഇരുവരും ട്രെയിനില്‍ കയറിയത്. സി.കെ.വി മത്സ്യകമ്പനിയുടെ ഡ്രൈവറായ റഷീദും ലൈനര്‍ റഹീമും വടകരയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയെന്നും ഇരുവരും മദ്യപിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 


Also Read:കേസെടുക്കേണ്ടത് ആര്‍.പി.എഫ് ആണെന്ന് കൊയിലാണ്ടി പൊലീസ്, കേസെടുക്കാതെ ആര്‍.പി.എഫും; കൊയിലാണ്ടിയിൽ മദ്യപിച്ച് ട്രെയിനില്‍ യാത്രക്കാരെ ബ്ലേഡ് കൊണ്ട് ആക്രമിച്ചിട്ടും പ്രതികള്‍ക്കെതിരെ നടപടിയില്ല


ചൊവ്വാഴ്ച വൈകീട്ട് വടകര മുതല്‍ കൊയിലാണ്ടി വരെ ട്രെയിനില്‍ മറ്റുയാത്രക്കാരെ ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയുമൊക്കെ ചെയ്ത സംഭവത്തിലാണ് നടപടി. മാഹിയില്‍ നിന്ന് മദ്യപിച്ച് ട്രെയിനില്‍ കയറിയ രണ്ട് യുവാക്കള്‍ മറ്റുയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍ ഇവരെ വണ്ടിയില്‍ നിന്ന് പിടികൂടി പുറത്തുകൊണ്ടുവരികയായിരുന്നു.

സംഭവത്തില്‍ അഞ്ചോളം യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടുന്നതിനിടയില്‍ ആക്രമികള്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ച സമയത്ത് ആര്‍.പി.എഫ് ഉദ്യോഗസ്ഥരും കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ റെയില്‍വേ പൊലീസാണ് കേസെടുക്കേണ്ടതെന്നതായിരുന്നു കൊയിലാണ്ടി പൊലീസിന്റെ നിലപാട്. ആദ്യഘട്ടത്തില്‍ പരാതിയൊന്നും ലഭിച്ചില്ലെന്ന് പറഞ്ഞ് കേസെടുക്കാതിരുന്ന റെയില്‍വേ പൊലീസ് ഇന്ന് ഉച്ചയോടെ കേസെടുക്കുകയായിരുന്നു.