രാമനാട്ടുകര അപകടത്തില്‍ മരിച്ച സംഘമുള്‍പ്പെട്ട കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: കൊടുവള്ളി സ്വദേശിയായ സംഘത്തലവന്‍ പിടിയില്‍


കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവരുൾപ്പെട്ട കരിപ്പൂർ സ്വർണക്കടത്ത് കവർച്ച കേസിലെ സംഘത്തലവൻ പിടിയിൽ. കൊടുവള്ളി ആവിലോറ സ്വദേശി ആലുങ്ങൽ ഷമീറിനെയാണ്‌ പിടികൂടിയത്. കോഴിക്കോട്‌ കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിവരുന്ന സ്വർണക്കടത്ത്, ഹവാല ഇടപാട്‌ നടത്തുന്ന ആലുങ്ങൽ ബ്രദേഴ്സ് എന്ന സംഘത്തിന്റെ തലവനായ ഇരുപത്തിയേഴുകാരനാണ് പിടിയിലായത്.

സംഭവ ദിവസം താമരശേരിയിൽനിന്നുവന്ന സ്വർണക്കടത്ത് സംഘത്തോടൊപ്പം പ്രതി ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കായുള്ള തിരച്ചിൽ ഊർജസ്വലമാക്കിയത്. ഒടുവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ചൊവ്വാഴ്ച പുലർച്ചെ കൊടുവള്ളിയിലെ രഹസ്യകേന്ദ്രത്തിൽനിന്നാണ്‌ ഇയാളെ പിടികൂടിയത്.

കണ്ണൂർ സ്വദേശി വന്ന വാഹനത്തെ തങ്ങൾ പിന്തുടർന്നതായും പാലക്കാട് സംഘം വന്ന ബൊലീറോ അപകടത്തിൽപ്പെട്ടത് കണ്ടതായും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാളുടെ നേതൃത്വത്തിൽ വന്ന സംഘം സഞ്ചരിച്ച വാഹനം അഞ്ചുദിവസം മുമ്പ്‌ പൊലീസ് പിടിയിലായിരുന്നു. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ഷമീറിന്റെയും സഹോദരൻ ഹാരിസിന്റെയും നേതൃത്വത്തിൽ വന്ന സംഘം എയർ പോർട്ടിൽ എത്തിയത്. പ്രതിയിൽനിന്ന്‌ കിട്ടിയ മൊബൈൽ ഫോൺ പരിശോധിച്ചതിൽ സ്വർണക്കടത്ത്‌ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്‌. ആലുങ്ങൽ ബ്രദേഴ്സ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും വാഹനങ്ങളെക്കുറിച്ചും വിവരങ്ങൾ ഇയാളിൽനിന്ന്‌ പോലീസ് ശേഖരിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണിൽ രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരണപ്പെടുകയുണ്ടായി. തുടർന്നുണ്ടായ അന്വേഷണത്തിൽ ഇവർക്ക് സ്വർണ്ണ കടത്തുമായി ബന്ധമുണ്ടെന്ന് തെളിയുകയായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് സ്വർണം വാങ്ങാൻ വന്നവരും ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം പതിനഞ്ചിലധികം വാഹനങ്ങളിലായി നിരവധി ആളുകൾ പരിസര പ്രദേശങ്ങളിലായി ഉണ്ടായിരുന്നു. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഈ സംഘങ്ങൾ സ്വർണക്കടത്ത് പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്. കണ്ണൂർ സ്വദേശിയെ അപായപ്പെടുത്താൻ നൽകിയ വാട്‌സാപ്‌ സന്ദേശവും ഷമീറിന്റെ ഫോണിൽനിന്ന്‌ ലഭിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ അറുപത്തിയെട്ടു പേർ പിടിയിലായി. 25ഓളം വാഹനങ്ങളും പിടിച്ചെടുത്തു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈഎസ്‌പി കെ അഷറഫ്, പ്രത്യേക അന്വേഷക സംഘാംഗങ്ങളായ കരിപ്പൂർ ഇൻസ്‌പെക്ടർ ഷിബു, ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണിക്കൃഷ്ണൻ, പി സഞ്ജീവ്, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ, എസ്ഐമാരായ സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.