ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്; തീരത്തുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുത്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യത. ആന്ധ്രയിലെ റായലസീമയ്ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് ഇതിന് കാരണം. ഇത് കാരണം കോഴിക്കോട് ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 64 മില്ലീ മീറ്റര്‍ മുതല്‍ 115 മില്ലീ മീറ്റര്‍ മഴയാണ് ഈ ജില്ലകളില്‍ പ്രതീക്ഷിക്കുന്നത്.
വടക്കന്‍ കേരള തീരങ്ങളിലും തെക്കന്‍ കര്‍ണാടക തീരങ്ങളിലും അടുത്ത 24 മണിക്കൂര്‍ നേരം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ കേരള – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം ലക്ഷദ്വീപ് തീരങ്ങളില്‍ തടസ്സമില്ല.
മേയ് 25 വരെ വടക്കന്‍ അന്തമാന്‍ കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും മധ്യ കിഴക്കന്‍ അറബിക്കടല്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.