സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകി മാറി; കൊയിലാണ്ടി നഗരമധ്യത്തിലെ ദേശീയപാതയില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി കുഴി


കൊയിലാണ്ടി: നഗര മധ്യത്തില്‍ ദേശീയപാതയുടെ നടുവിലായി രൂപപ്പെട്ട കുഴി യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇന്റര്‍ലോക്ക് കട്ടകള്‍ ഇളകിമാറിയതോടെയാണ് വലിയ കുഴി രൂപപ്പെട്ടത്. മഴ പെയ്തതോടെ വെള്ളം നിറഞ്ഞ് കുഴി കാണാതാകുന്നത് അപകട സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

കൊയിലാണ്ടി നഗര മധ്യത്തിലെ ജങ്ഷനില്‍ ഒരു കൊല്ലം മുമ്പാണ് ഇന്റര്‍ലോക്ക് കട്ടകള്‍ പതിച്ചത്. സൗന്ദര്യവല്‍ക്കരണ പ്രവൃത്തിയുടെ ഭാഗമായി ദേശീയപാതാ പൊതുമരാമത്ത് വിഭാഗമാണ് മൂന്നു കോടിയോളം രൂപ ചെലവഴിച്ച് പ്രവൃത്തി നടത്തിയത്.

കുഴിയില്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ വീണ് അപകടമുണ്ടാകാതിരിക്കാനായി അടയാളം സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാതയിലെ കുഴി അടച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.