കോഴിക്കോട് ചെറുവണ്ണൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മോഷണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍


കോഴിക്കോട്: ചെറുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം നടത്തിയ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി പോലീസിന്റെ പിടിയിലായി. നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയായ ചേലേമ്പ്ര സ്വദേശി നുബിന്‍ (29), ബേപ്പൂര്‍ ഇരട്ടച്ചിറ സ്വദേശി ആഷിഖ് (25) എന്നിവരാണ് പിടിയിലായത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അരുണ്‍.കെ.പവിത്രന്‍ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

മുഖ്യ പ്രതിയായ മുഷ്താഖിനെ കഴിഞ്ഞ ദിവസം ഗള്‍ഫ് ബസാറിന് സമീപത്ത് വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. ബി.കോം ബിരുദധാരിയാണ് മുഷ്താഖ്. നിരവധി കേസുകളില്‍ പ്രതിയായ നുബിന്‍ അശോകിനെയും ആഷിഖിനേയും കൂട്ടുപിടിച്ചാണ് മുഷ്താക്ക് മോഷണ പദ്ധതി നടപ്പാക്കിയത്.

ആഷിഖിനെതിരെ മാറാട് ബേപ്പൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഭവനഭേദനത്തിനും ബ്രൗണ്‍ ഷുഗര്‍ വില്‍പനയ്ക്കും കേസുകളുണ്ട്. മലപ്പുറം സ്വദേശിയായ നുബിന്‍ മോഷണ കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണ്. പ്രതികളില്‍ നിന്നും പോലീസ് മുതലുകള്‍ കണ്ടെടുത്തു. കോഴിക്കോട് ബീച്ചില്‍ നിന്നുള്ള പരിചയമാണ് മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലേക്ക് നയിച്ചത്. മോഷണശേഷം നുബിനെയും ആഷിഖിനേയും മുംബൈ യിലേക്ക് കടത്തിയ മുഷ്താഖ് ഫോണ്‍ ഉപയോഗിക്കാതെ കോഴിക്കോട് തന്നെ തങ്ങുകയായിരുന്നു.

ഇതിനിടെ അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ അരുണ്‍.കെ.പവിത്രന്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് താന്‍ മുംബൈക്ക് കടത്തിയ കുറ്റവാളികളെകുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ ജില്ലാ പോലീസ് മേധാവി നാരായണന്‍ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം സിറ്റി ക്രൈം സ്‌ക്വാഡ് അന്തര്‍സംസ്ഥാന ഓപ്പറേഷന് തയ്യാറെടുത്തു. ഇതിനിടെ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ബീച്ച് ആശുപത്രിക്ക് സമീപത്തും റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും അന്വേഷണ സംഘം വ്യാപക തിരച്ചില്‍ നടത്തിയതില്‍ പ്രതികള്‍ പിടിയിലാകുകയായിരുന്നു.

പ്രതികളില്‍ നിന്നും ലാപ് ടോപ്പുകളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. നല്ലളം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്‍ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹാദില്‍ കുന്നുമ്മല്‍, ഷാഫി പറമ്പത്ത്, പ്രശാന്ത്കുമാര്‍.എ, ഷഹീര്‍ പെരുമണ്ണ, രാകേഷ് ചൈതന്യം, ഫറോക് എ.സി.പിയുടെ പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട ഐ.ടി.വിനോദ്, മധുസൂദനന്‍, അനൂജ് വളയനാട്, സുബീഷ് തുടങ്ങിയവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

സെപ്റ്റംബര്‍ 21നാണ് ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മോഷണവിവരം പുറത്തറിയുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗം ഓഫീസ് കുത്തിത്തുറന്നായിരുന്നു മോഷണം. ഒമ്പത് ലാപ്‌ടോപ്പുകള്‍, ആറ് മൊബൈല്‍ ഫോണുകള്‍, ക്യാമറ എന്നിവയാണ് നഷ്ടപ്പെട്ടത്. ഓണാവധി കഴിഞ്ഞ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.