കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 18 മോഷണക്കേസുകളില്‍ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് ജിത്തുവിനെ കാപ്പചുമത്തി ജയിലിലടച്ചു


കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ജിത്തുവിനെ (29) കാപ്പ ചുമത്തി ജയിലിലടച്ചു. കോഴിക്കോട് വലിയ പറമ്പ് സ്വദേശിയാണ് ഇയാള്‍. നല്ലളം, കുന്ദമംഗലം, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിലും മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, തേഞ്ഞിപ്പാലം സ്റ്റേഷനുകളിലുമായി 18 കേസുകളില്‍ പ്രതിയാണ് ഇയാള്‍.

കളവും കവര്‍ച്ചയും നടത്തി ഒളിവില്‍കഴിയുകയായിരുന്നു ഇയാള്‍. മോഷണത്തിലൂടെ ലഭിക്കുന്ന പണവും വിലകൂടിയ മുതലും ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി. ഒളിവില്‍ കഴിയവെ കുറ്റിക്കാട്ടൂരില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. നല്ലളം ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

കാപ്പാ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിനായി സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം നല്ലളം പൊലീസ് ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്കെതിരെ വരുംദിവസങ്ങൡും ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Summary: Accused in 18 theft cases in Kozhikode and Malappuram districts; Notorious thief Jithu was jailed