ഓണപ്പൊലിമയുടെ പൂക്കളം തീർത്ത് കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മ; ‘കാതൽ സുധി’യ്ക്ക് കൊയിലാണ്ടിയുടെ ആദരം, ആരവമുയർത്തി കലാപ്രകടനങ്ങൾ


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ചലച്ചിത്ര ഷോർട്ട് ഫിലിം കലാകാരന്മാരുടെ സംഘടനയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ നേതൃത്വത്തിൽ ഓണ സംഗമവും, ആദരിക്കൽ ചടങ്ങും, പുതിയ കമ്മറ്റി രൂപീകരണവും സംഘടിപ്പിച്ചു. ചടങ്ങ് മാതൃഭൂമി സീനിയർ റിപ്പോർട്ടർ അനൂപ് ദാസ് ഉദ്ഘാടനം ചെയ്തു. ക്യൂ എഫ് എഫ് കെ പ്രസിഡൻ്റ് പ്രശാന്ത് ചില്ല അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അക്കാദമി സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ച ശ്രീ സുധി ബാലുശ്ശേരിക്ക് ചലച്ചിത്ര ഗാന രചയിതാവ് ശ്രീ നിതീഷ് നടേരി ക്യു എഫ് എഫ് കെ യുടെ ഉപഹാരം നൽകി ആദരിച്ചു. സംഘടനയിലെ അംഗങ്ങളുടെ ചെറു മക്കൾ വിശിഷ്ടാതിഥികളെ പൊന്നാട നൽകി സ്വീകരിച്ചു. ചടങ്ങിൽ ഓണത്തിന്റെ വ്യത്യസ്ത അഭിരുചികളുള്ള നമ്മുടെ കാലഘട്ടത്തിന്റെ വിവിധ വശങ്ങൾ, അതോടൊപ്പം ഇതര സംസ്ഥാനങ്ങളിലെ യാത്രാ വഴിയിലെ ചെറുതും വലുതുമായ തയ്യാറാക്കിയ മാതൃഭൂമി ന്യൂസിന്റെ ലേഖന പരമ്പരകളുടെ നേരിട്ടുള്ള അനുഭവങ്ങൾ ഉദ്ഘാടകൻ അനൂപ് ദാസ് പങ്കുവെച്ചു.

രക്ഷാധികാരികളായ ഭാസ്കരൻ വെറ്റിലപ്പാറ, സാബു കീഴരിയൂർ, ചലച്ചിത്ര നടൻ ദേവരാജ് കോഴിക്കോട്, രാജീവ് വി ഫോർ യു, സിനിമ സംവിധായകൻ നൗഷാദ് ഇബ്രാഹിം, നാടക നടി ജയ നൗഷാദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആൻസൺ ജേക്കബ് സ്വാഗതവും, ജോ. സെക്രട്ടറി ബബിത പ്രകാശ് നന്ദിയും പറഞ്ഞു.

ആദരിക്കൽ ചടങ്ങിന് ശേഷം നടന്ന ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി റിപ്പോർട്ടും, ട്രഷറർ രഞ്ജിത്ത് നിഹാര വരവ് ചിലവ് കണക്കും അവതരിപ്പിച്ചത് യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി ജനു നന്തി ബസാർ (പ്രസിഡന്റ്), ഹരി ക്ലാപ്സ് (വൈസ്. പ്രസിഡന്റ്), സാബു കീഴരിയൂർ (ജന. സെക്രട്ടറി), ബബിത പ്രകാശ് (ജോയിന്റ്. സെക്രട്ടറി), ആഷ്ലി വിജിത് (ഖജാൻജി) എന്നിവരെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളോടുകൂടിയാണ് ഓണ സംഗമം സമാപിച്ചത്.