വയോധിക ദമ്പതികളെ കുത്തിപരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്നു, പിന്നാലെ ബാഗ്ലൂരില്‍ ഒളിവില്‍; കോഴിക്കോട് തിരിച്ചെത്തിയ പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്‌


കോഴിക്കോട്: പന്തീരാങ്കാവ് മാത്തറയിൽ വയോധിക ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച് അഞ്ചു പവന്റെ സ്വർണമാല കവർന്ന കേസിലെ പ്രതി പിടിയിൽ. തിരൂരങ്ങാടി ചന്തപ്പടി ചുണ്ടയിൽ വീട്ടിൽ ഹസീമുദ്ദിനാണ് (30) പിടിയിലായത്. 2024 ആഗസ്ത് 27നാണ് കേസിനാസ്പദമായ സംഭവം.

വളര്‍ത്തുനായയുമായി പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു ഗൃഹനാഥന്‍. ഇതിനിടെയാണ് പ്രതി വീട്ടില്‍ അതിക്രമിച്ച്‌ കയറിയത്. പിന്നാലെ വീട്ടമ്മയെ പിന്നില്‍ നിന്നും മുഖം പൊത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാല കവരുകയായിരുന്നു. തുടര്‍ന്ന് കൈയിലെ വള ഊരി നല്‍കാനും ആവശ്യപ്പെട്ടു. ഇതോടെ പ്രതിരോധിച്ച വീട്ടമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇതിനിടെ പ്രഭാത സവാരി കഴിഞ്ഞ് ഗൃഹനാഥന്‍ വീട്ടിലെത്തി. ഇയാളെ കണ്ടതോടെ പ്രതി ഇയാളെയും അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് വീട്ടമ്മയുടെ സ്വര്‍ണം അന്ന് തന്നെ പ്രതി വേങ്ങര കുന്നുംപുറത്ത്‌ വില്‍ക്കുകയും ശേഷം ബാംഗ്ലൂരിലേക്ക് കടന്നുകളയുയുമായിരുന്നു. ശേഷം കോഴിക്കോട് തിരിച്ചെത്തി ഫ്‌ളാറ്റില്‍ കഴിയുന്നതിനിടെയാണ് ഇയാളെ കഴിഞ്ഞ ദിവസം പന്തീരാങ്കാവ് പോലീസ് പിടികൂടിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ ഫറോക് സ്‌റ്റേഷനില്‍ എം.ഡി.എം.എ കേസും, വ്യാജ സ്വര്‍ണം പണയം വച്ചതിന് തിരൂരങ്ങാടി പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനുകളിലും കേസുകളുള്ളതായി കണ്ടെത്തി.

Description: Elderly couple stabbed and robbed of gold; Accused in custody