കീഴ്പ്പയ്യൂരില്‍ എല്‍.പി.ജി സിലിണ്ടറില്‍ നിന്നും ഗ്യാസ് ലീക്കായി; പരിഭ്രാന്തരായി വീട്ടുകാരും പരിസരവാസികളും


മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരില്‍ എല്‍.പി.ജി സിലിണ്ടറില്‍ നിന്നും ഗ്യാസ് ലീക്കായത് വീട്ടുകാരെയും പരിസരവാസികളെയും പരിഭ്രാന്തരാക്കി. ഇന്ന് രാവിലെ കീഴ്പയ്യൂര്‍ ചാമുണ്ടാ ചാലില്‍ അജിത്തിന്റെ വീട്ടിലാണ് സംഭവം. പുതുതായി കണക്ട് ചെയ്യാനെടുത്ത സിലിണ്ടറില്‍ നിന്നും ഗ്യാസ് ലീക്കാകുകയായിരുന്നു.

സിലിണ്ടറിന്റെ വാള്‍വ് അസംബ്ലിക്ക് സമീപത്ത് തുരുമ്പെടുത്ത ഭാഗത്ത് നിന്നാണ് ഗ്യാസ് ലീക്കായത്. തിരുവള്ളൂര്‍ കണ്ടിയില്‍ ഏജന്‍സി വിതരണം ചെയ്ത 2032 കാലാവധി രേഖപ്പെടുത്തിയ സിലിണ്ടറിലാണ് ലീക്ക് കണ്ടത്. ലീക്ക് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഏജന്‍സിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരെ ലഭിച്ചില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു.

തുടര്‍ന്ന് പേരാമ്പ്ര അഗ്നിരക്ഷാ നിലയില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ക്ക് അപ്പോള്‍ തന്നെ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന് പിന്നാലെ സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരീശന്റെയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്റെയും നേതൃത്ത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.ആര്‍.സോജു, എം.കെ.ജിഷാദ്, എം.മനോജ്, പി.പി.രജീഷ്, ഹോംഗാര്‍ഡ് എ.എം.രാജീവന്‍ എന്നിവര്‍ സ്ഥലത്തെത്തി. എം.സീല്‍
ഉപയോഗിച്ച് ലീക്കായ ഭാഗം സീല്‍ ചെയ്ത് ലീക്ക് അവസാനിപ്പിച്ച ശേഷം ഏജന്‍സിയെ ബന്ധപ്പെട്ട് സിലീണ്ടര്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.

ഗ്യാസ് ലീക്ക് ശ്രദ്ധയില്‍ പെട്ടാല്‍ സിലിണ്ടര്‍ സേഫ്റ്റി കേപ്പിട്ട് വീടിന് വെളിയിലേക്ക് മാറ്റി സമീപവാസികളെ വിവരം അറിയിക്കേണ്ടതാണെന്നും വിവരം അഗ്‌നിരക്ഷാസേനയെ അറിയിക്കണമെന്നും സ്റ്റേഷന്‍ ഓഫീസര്‍ നാട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഏജന്‍സിയെ ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ 1906 എന്ന എല്‍.പി.ജി എമര്‍ജന്‍സി നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും സേന അറിയിച്ചു.

Summary: Gas leak from LPG cylinder in Keezhpayyur