ബിരിയാണി ചലഞ്ച്‌ മുതല്‍ മത്സ്യകച്ചവടം വരെ; വയനാടിനായി രാപകലില്ലാതെ അധ്വാനിച്ച്‌ കൊയിലാണ്ടിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍, ഒപ്പത്തിനൊപ്പം ചേര്‍ന്ന് നാട്ടുകാരും


കൊയിലാണ്ടി: വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കായി ഡിവൈഎഫ്ഐ നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണത്തിനായി മത്സ്യകച്ചവടം മുതല്‍ ചക്ക വില്‍പ്പന വരെ നടത്തി പ്രവര്‍ത്തകര്‍. രാപകല്‍
വ്യത്യാസമില്ലാതെ പ്രവര്‍ത്തകര്‍ കഷ്ടപ്പെടുമ്പോള്‍ നാട്ടുകാരും ഡിവൈഎഫ്ഐക്കൊപ്പം അണിചേരുന്ന കാഴ്ചയാണ് എല്ലായിടത്തും കാണുന്നത്.

ഡിവൈഎഫ്ഐ കൊയിലാണ്ടി സെന്റര്‍ മേഖലാ കമ്മിറ്റി നടത്തിയ ബിരിയാണി ചലഞ്ചില്‍ നാട്ടിലെ നിരവധി പേരാണ് പങ്കാളികളായത്‌. മേഖലാ സെക്രട്ടറി അജീഷ്, പ്രസിഡണ്ട് അർജുൻ, ട്രഷറർ സത്താർ ഇവരുടെ നേതൃത്വത്തിത്തിലായിരുന്നു ചലഞ്ച് സംഘടിപ്പിച്ചത്‌. 1500 ബിരിയാണിയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ 2250 ബിരിയാണികള്‍ കഴിഞ്ഞും ഓഡറുകള്‍ വന്നതോടെ പ്രവര്‍ത്തകര്‍ സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു.

ഡിവൈഎഫ്ഐ നടേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തട്ടുകട ചലഞ്ചും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എല്‍.ജി ലിജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബിപി ബബീഷ്, ബ്ലോക്ക്‌ കമ്മിറ്റി അംഗം അഭിനവ്, മേഖല സെക്രട്ടറി അഖിൽ, മേഖല പ്രസിഡന്റ്‌ ബൈജു, ട്രഷറർ കീർത്തന എന്നിവര്‍ പങ്കെടുത്തു.

ഡിവൈഎഫ്ഐ ഈസ്റ്റ് മേഖല കമ്മിറ്റി ബിരിയാണി ഫെസ്റ്റും, കാപ്പാട് മേഖല കമ്മിറ്റി ചായക്കടയും അരിക്കുളം മേഖല കമ്മിറ്റി ബിരിയാണി ഫെസ്റ്റും കാരയാട് മേഖല കമ്മിറ്റി ഉണ്ണിയപ്പ ചലഞ്ചുമാണ് സംഘടിപ്പിച്ചത്.