മണ്ണിടിച്ചില്‍ ഭീഷണി; കൊല്ലം കുന്ന്യോറമലയില്‍ നിന്നും കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി


കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ അഞ്ച് കുടുംബങ്ങളെക്കൂടി ഗുരുദേവ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലേക്ക് മാറ്റി.

25 കുടുംബങ്ങളില്‍ നിന്നാണ് 90 പേരാണ് നിലവില്‍ ക്യാമ്പില്‍ കഴിയുന്നത്. അതേസമയം കുന്ന്യോറമലയില്‍ ചെറിയ തോതില്‍ മണ്ണിടിച്ചില്‍ തുടരുന്നുണ്ട്. മഴയുണ്ടാകുന്ന സമയത്ത് ഇപ്പോഴും ചെറുതായി മണ്ണിടിയുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നത്.

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനായി കുത്തനെ കുന്ന് ഇടിച്ചുനിരത്തി മണ്ണെടുത്തതാണ് കുന്ന്യോറമലയില്‍ മണ്ണിടിച്ചിലിന് വഴിവെച്ചത്. ഇരുഭാഗത്തും മുപ്പതുമീറ്ററോളം ഉയരത്തില്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ് റോഡിന്റെ ഇരുഭാഗവും. ബൈപ്പാസ് റോഡ് നിര്‍മ്മിച്ച സ്ഥലത്തേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള എല്ലാതരത്തിലുള്ള ഗതാഗതവും അധികൃതര്‍ തടഞ്ഞിട്ടുണ്ട്.

കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയില്‍ വലിയ തോതില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് പത്തിലേറെ കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിത്താമസിപ്പിച്ചത്. വീടുകളും അപകടാവസ്ഥയിലായിരുന്നു. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് വീടുകളില്‍ തുടരാന്‍ ഭയമുണ്ട്.