വയനാട് ഉരുള്‍പൊട്ടല്‍; 19 മരണം സ്ഥിരീകരിച്ചു, മരിച്ചവരില്‍ മൂന്ന് കുട്ടികളും, രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് യൂണിറ്റ് സൈന്യമെത്തും, ഹെലികോപ്റ്ററുകളും വരും



മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്.

മുപ്പതിലേറെ പേരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നു. ഹാരിസണ്‍സിലെ 100 തോട്ടം തൊഴിലാളികളെ കാണാനില്ലെന്ന് കമ്പനി സിഇഒ അറിയിച്ചു.

ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചുപോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്.

കുടുങ്ങിയവരില്‍ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എം.എല്‍.എ പറഞ്ഞു. രക്ഷാദൈത്യത്തിനായി സൈന്യം എത്തിച്ചേരുമെന്ന് അറിയിപ്പുണ്ട്. കണ്ണൂര്‍ കന്റോണ്‍മെന്റില്‍ നിന്ന് കരസേനയുടെ രണ്ട് സംഘങ്ങള്‍ വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ സുളൂരില്‍ നിന്നും എത്തും.

ദേശീയദുരന്ത നിവാരണ സേനയുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. എയര്‍ലിഫ്റ്റ് സാധ്യത പരിശോധിക്കാന്‍ കുനൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ ഉടന്‍ ദുരന്തസ്ഥലത്തെത്തും.

മുണ്ടക്കൈ അട്ടമല ചൂരല്‍മല ഭാഗങ്ങളിലാണ് ദുരന്തം ഉണ്ടായിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നാനൂറില്‍ അധികം കുടുംബങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.