പ്രകൃതി സ്‌നേഹികള്‍ മുന്നിട്ടിറങ്ങി; പായലും മാലിന്യങ്ങളും നിറഞ്ഞ കീഴരിയൂരിലെ ചെറുപുഴക്ക് പുതു ജീവന്‍, ശുചീകരിച്ച് തുമ്പ പരിസ്ഥിതി സമിതി
മേപ്പയൂര്‍: കീഴരിയൂരിലെ ചെറുപുഴ ശുചീകരിച്ച് തുമ്പ പരിസ്ഥിതി സമിതി. കീഴരിയൂര്‍ പൊടിയാടി അകലാപ്പുഴയോട് ചേര്‍ന്നു കിടക്കുന്ന ചെറുപുഴയിലാണ് തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ പുഴശുചീകരണം നടന്നത്. മാലിന്യങ്ങളും പായലും പുല്ലും നിറഞ്ഞ് ഒഴുക്ക് നിലച്ച ചെറുപുഴയെ ഒരുപറ്റം പ്രകൃതിയെ സ്‌നേഹികള്‍ ചേര്‍ന്നാണ് വീണ്ടെടുത്തത്. ശുചീകരണം നടത്തിയപ്പോള്‍ നീരൊഴുക്ക് വീണ്ടെടുത്ത് പുഴ വീണ്ടും സജീവമായി.
നടക്കല്‍ പാലത്തില്‍ ഉള്ള ഷട്ടറുകള്‍ അടച്ചാല്‍ ശുദ്ധജലം ലഭ്യമായിരുന്ന ഈ നീര്‍ത്തടത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കുളിക്കാനും നീന്തല്‍ പഠിക്കാനും പ്രദേശത്തുകാര്‍ ആശ്രയിച്ചിരുന്നു. ധാരാളം മത്സ്യസമ്പത്തും ഉണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ പായലും മാലിന്യങ്ങളും അടിഞ്ഞു കൂടി പുഴയിലെ വെള്ളത്തിന്റെ തെളിമപോലും നഷ്ടമാവുകയായിരുന്നു. ഒരു തോണിക്ക് സഞ്ചരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ വന്നപ്പോഴാണ് ജനകീയപിന്തുണയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചത്.
പരിപാടി പഴയകാല മത്സ്യ കര്‍ഷകന്‍ ചെറുകുനി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ദിനീഷ്‌ബേബി കബനി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. സുരേഷ്, ഗോപാലന്‍ കുറ്റിയോയത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെ. സുരേഷ് ബാബു സ്വാഗതവും സാബിറ നടുക്കണ്ടി നന്ദിയും പറഞ്ഞു. ദാസന്‍ ഇടക്കളം കണ്ടി, കെ. മുരളീധരന്‍, യു. ശ്രീനിവാസന്‍, സായ് പ്രകാശ് എന്‍.കെ, സൈനുദ്ധീന്‍.എ, സംഗീത സി.പി, കെ.ടി പുഷ്പ എന്നിവര്‍ നേതൃത്വം നല്‍കി.