‘അവധിക്കാലത്ത് ഉയര്‍ന്ന നിരക്ക് ഈടാക്കി പ്രവാസികളെ വിമാനക്കമ്പനികള്‍ കൊള്ളയടിക്കുന്നു’; പാര്‍ലമെന്റില്‍ ഉന്നയിച്ച് ഷാഫി പറമ്പില്‍. നടപടിയെടുക്കണമെന്ന് നിര്‍ദേശം നല്‍കി സ്പീക്കര്‍
ഡല്‍ഹി : വിമാനക്കമ്പനികള്‍ നിരക്ക് കൂട്ടുന്നത് സംബന്ധിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഷാഫി പറമ്പില്‍. അവധിക്കാലത്ത് ഉയര്‍ന്ന നിരക്ക് ഈടാക്കി പ്രവാസികളെ വിമാനക്കമ്പനികള്‍ കൊള്ളയടിക്കുന്നതിനെ കണക്കുകള്‍ നിരത്തിയാണ് ഷാഫി പറമ്പില്‍ തന്റെ ആദ്യ സ്വകാര്യ പ്രമേയത്തില്‍ അവതരിപ്പിച്ചത്.
ഷാഫിയുടെ പ്രസംഗത്തിനിടയില്‍ ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രി നടപടിയെടുക്കണമെന്ന് സ്പീക്കര്‍ ഓംബിര്‍ള പറഞ്ഞു.
അവധിക്കാലത്ത് നാട്ടില്‍ വരേണ്ട പ്രവാസികളെ വിമാനക്കമ്പനികള്‍ ഒന്നിച്ച് മനപ്പൂര്‍വം ചൂഷണം ചെയ്യുകയാണെന്ന് ഷാഫി പ്രമേയത്തില്‍ പറഞ്ഞു.
‘കൊച്ചിയില്‍നിന്ന് ദുബായി ലേക്ക് ജൂലായ് 27-ന് വിമാന നിരക്ക് എയര്‍ ഇന്ത്യക്ക് 19,062 രൂപയാണ്. മൂന്നു സീറ്റ് മാത്രമാണ് ബാക്കി. അതേ വിമാനത്തിന് ഓഗസ്റ്റ് 31-ന് 77,673 ആണ് ടിക്കറ്റ് നിരക്ക് .അന്ന് ഒമ്പതു സീറ്റാണ് ബാക്കി. മൂന്നുസീറ്റ് ബാക്കിയുള്ളപ്പോള്‍ 19,062 രൂപയും ഒമ്പതുസീറ്റ് ബാക്കിയുള്ളപ്പോള്‍ 77,573 രൂപയും എന്നത് എന്ത് കമ്പോളവും ആവശ്യവും ആണ്? പ്രവാസികള്‍ക്ക് എങ്ങനെയാണ് അവധിക്ക് വീട്ടില്‍വരാന്‍ കഴിയുകയെന്നും, തിരിച്ചുപോകാന്‍ സാധിക്കുകയെന്നും ഷാഫി പറമ്പില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു.
ഗള്‍ഫ് മേഖലയിലെ അനിയന്ത്രിതമായ വിമാനനിരക്കിനെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഷാഫിയെ പിന്തുണച്ച് എന്‍.കെ. പ്രേമചന്ദ്രനും ആവശ്യപ്പെട്ടു.