ആള്‍ താമസമില്ലാത്ത വീടിന് സമീപത്തെ സെപ്റ്റിക് ടാങ്കില്‍ വീണ് പശുക്കുട്ടി; രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാസേന


കൊയിലാണ്ടി: ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് സംഭവം. കൊയിലാണ്ടി ഒറ്റക്കണ്ടം കൂരിക്കണ്ടി അഹമ്മദ് എന്നയാളുടെ പശുക്കുട്ടി ഉപയോഗ ശൂന്യമായ കക്കുസ് ടാങ്കില്‍ അകപ്പെട്ടത്.
സമീപത്തെ ആള്‍താമസമില്ലാത്ത വീടിന് സമീപത്തെ പറമ്പില്‍ കെട്ടിയിട്ടതായിരുന്നു.

സെപ്റ്റിക് ടാങ്കിന് മുകളില്‍ പശുക്കുട്ടി കയറിനിന്നപ്പോള്‍ സ്ലാബ് പൊട്ടി കുഴിയില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ സ്ഥലത്തെത്തുകയും പശുക്കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാത്തതിനെ തുടര്‍ന്ന് കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു.

തുടര്‍ന്ന് എ.എസ്.ടി.ഓ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുകയും കുഴിയിലിറങ്ങി പശുക്കുട്ടിയെ ബെല്‍റ്റ് ഇട്ട് കെട്ടിയ ശേഷം വലിച്ചെടുത്ത് രക്ഷപ്പെടുത്തുകയും ചെയ്തു. എസ്.എഫ്.ആര്‍.ഓ ബി.കെ അനൂപ്, ഫയര്‍ ഓഫീസര്‍മാരായ സുകേഷ്, നിതിന്‍ രാജ്, ലിനീഷ്, രജിലേഷ്, ബിനീഷ്, ഹോം ഗാര്‍ഡ് ഓംപ്രകാശ് എന്നിവരും വീട്ടുകാരും രക്ഷപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.