പേരാമ്പ്രയില്‍ വ്യാജ സ്വര്‍ണ്ണംവിറ്റ് പണം കൈക്കലാക്കിയ യുവാവ് പിടിയില്‍; മുഖ്യ ആസുത്രകനായ യുവാവ് ഒളിവില്‍


പേരാമ്പ്ര: പേരാമ്പ്രയില്‍ വ്യാജ സ്വര്‍ണ്ണംവിറ്റ് പണംതട്ടിയ യുവാവ് പിടിയില്‍. ബാലുശ്ശേരി എരമംഗലം ചെറുവക്കാട്ട് കൈലാസ് (22)നെയാണ് പേരാമ്പ്ര പോലീസ് പിടികൂടിയത്. സംഭവത്തില്‍ മുഖ്യആസൂത്രകന്‍ പാലേരി വലിയ വീട്ടുമ്മല്‍ ആകാശ് (22) ഒളിവില്‍.

കഴിഞ്ഞ 27 നാണ് കേസിന് ആസ്പദമായ സംഭവം. പേരാമ്പ്രയിലെ സ്വര്‍ണ്ണ വ്യാപാരത്തില്‍ 2 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ വളകളാണെന്ന വ്യാജേനയാണ് പ്രതികള്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ രൂപ കൈക്കലാക്കിയത്. ഇത് കണ്ടപ്പോള്‍ തന്നെ സ്വര്‍ണ്ണ വ്യാപാരിക്ക് സംശയം തോന്നിയെങ്കിലും ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറില്‍ പരിശോധിച്ചപ്പോഴും സ്വര്‍ണം തന്നെയെന്ന് കാണിച്ചതും 916 സീലും കാണിച്ചിരുന്നു.

ഇത് പ്രകാരമായിരുന്നു വ്യാപാരി പ്രതികള്‍ക്ക് പണം നല്‍കിയത്. എന്നാല്‍ വളകള്‍ ഉരുക്കി നോക്കിയപ്പോഴാണ് വ്യാജമാണെന്ന് മനസ്സിലായത്. ഇതോടെ സ്വര്‍ണ്ണ വ്യപാരി പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പേരാമ്പ്ര ഡിവൈഎസ്പി വി.വി.ലതീഷ്, ഇന്‍സ്പെക്ടര്‍ പി.ജംഷിദ് എന്നിവരുടെ നിര്‍ദേശ പ്രകാരം എസ്ഐ കെ.സജി അഗസ്റ്റിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

എന്നാല്‍ ഇത് മനസ്സിലാക്കിയ പ്രതികള്‍ മുങ്ങിയിരുന്നു. ബാലുശ്ശേരിയില്‍ എത്തിയ പ്രതിയെ വിദഗ്ധമായാണ് പോലീസ് പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇത്തരം വ്യാജ സ്വര്‍ണം കൂടുതലായി എത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.