ഫിറ്റ്‌നസ് ട്രെയ്‌നര്‍, ഇന്റീരിയല്‍ ലാന്റ് സ്‌കേപ്പ് കോഴ്‌സുകളില്‍ പരിശീലനം, പതിനഞ്ച് മുതല്‍ 23 വരെ പ്രായമുള്ളവര്‍ക്ക് അവസരം; പയ്യോളി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നൈപുണി വികസന കേന്ദ്രം തുടങ്ങുന്നു


പയ്യോളി: പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുമായി ബന്ധപ്പെട്ട് ടി.എസ് ജി.വി.എച്ച്.എസ്.എസ് പയ്യോളിയില്‍ നൈപുണി വികസന കേന്ദ്രം ആരംഭിക്കുന്നു. വിവിധ കാരണങ്ങളാല്‍ പഠനം നിര്‍ത്തേണ്ടി വന്നവര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ തുടങ്ങി 15 മുതല്‍ 23 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് നൈപുണി വികസന കേന്ദ്രം തുടങ്ങിയത്. ഫിറ്റ്‌നസ് ട്രെയ്‌നര്‍, ഇന്റീരിയല്‍ ലാന്റ് സ്‌കേപ്പ് തുടങ്ങിയ രണ്ട് കോഴ്‌സുകളില്‍ തികച്ചും സൗജന്യമായി വിദഗ്ദരുടെ പരിശീലനം ലഭ്യമാക്കും.

സ്‌കൂള്‍ പ്രവൃത്തി ദിനമല്ലാത്ത ദിവസങ്ങളിലായിരിക്കും കോഴ്‌സുകള്‍ നടക്കുക. ഇതിന്റെ ഭാഗമായി കാനത്തില്‍ ജമീല എം.എല്‍.എ രക്ഷാധികാരിയായി സ്‌കൂള്‍ തല സ്‌കില്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗം കാനത്തില്‍ ജമീല എം.എല്‍ എ ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഷൈമ സ്വാഗതം പറഞ്ഞു.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയായിരുന്നു. മേലടി ബി.ആര്‍.സി ട്രെയ്‌നര്‍ അനീഷ് പി.പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുല്‍ഖിഫില്‍, വാര്‍ഡ് മെമ്പര്‍ ബിനു കാരോളി, പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത്, ഹൈസ്‌കൂള്‍ എച്ച്.എം സൈനുദ്ദീന്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പള്‍ നിഷ.വി, ധന്യ.പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് എ.ടി നന്ദി രേഖപ്പെടുത്തി.

Summary: skill development centre in payyoli gvhss