പതിനൊന്ന് സ്‌കൂളുകളിലെ കുരുന്നുകള്‍ പങ്കെടുത്ത കായിക പോരാട്ടം; പഞ്ചായത്ത് കായികമേളയില്‍ വിജയകിരീടം ചൂടി ചേമഞ്ചേരി യു.പി സ്‌കൂള്‍


[tp1]

ചേമഞ്ചേരി: ഗ്രാമ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പഞ്ചായത്ത് കായികമേള കാഞ്ഞിലശ്ശേരി നായനാര്‍ സ്റ്റേഡിയത്തില്‍ നടന്നു. പതിനൊന്ന് സ്‌കൂളുകളിലെ കുരുന്നു താരങ്ങള്‍ മാറ്റുരച്ച മേളയില്‍ ഏഴുപത്തിഅഞ്ച് പോയന്റുകള്‍ നേടി ചേമഞ്ചേരി യു.പി സ്‌കൂള്‍ വിജയകിരീടം ചൂടി. എല്‍.പി മിനി, എല്‍.പി കിഡ്ഡീസ് വിഭാഗങ്ങളില്‍ വ്യക്തമായ ലീഡ് നേടിയ ചേമഞ്ചേരി യു.പിയിലെ കായികപ്രതിഭകള്‍ മുഴുവന്‍ റിലേകളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

മുപ്പത്തിഎട്ട് പോയന്റുകള്‍ നേടിയ കാപ്പാട് മാപ്പിള യു.പി രണ്ടാം സ്ഥാനവും മുപ്പത് പോയന്റുകള്‍ നേടിയ തിരുവങ്ങൂര്‍ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അതുല്യ ബൈജു, ജനപ്രതിനിധികള്‍, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.