കള്ളന്മാര്‍ വിലസുന്നു, മോഷണ പേടിയില്‍ വേളം ഒളോടിത്താഴ മേഖല; വിവാഹ വീട്ടില്‍ നിന്ന് കവര്‍ന്നത് 16 പവന്‍


വേളം: ഒളോടിത്താഴ മേഖലയില്‍ മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം വിവാഹം നടന്ന വീട്ടില്‍നിന്നും 16 പവന്‍ സ്വര്‍ണമാണ് മോഷ്ടാക്കള്‍ കവര്‍ച്ച ചെയ്തത്. ഒളോടിത്താഴയിലെ നടുക്കണ്ടിയില്‍ പവിത്രന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.

വ്യാഴാഴ്ചയായിരുന്നു പവിത്രന്റെ ഇളയമകളുടെ വിവാഹം. ഇതിന്് അടുത്ത ദിവസമാണ് മോഷണം നടന്നത്. സംഭവത്തില്‍ കുറ്റ്യാടി പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി.

വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണം ഒളോടിത്താഴ മേഖലയില്‍ പതിവായതായി നാട്ടുകാര്‍ പരാതിപറയുന്നു. കള്ളന്മാരെ പേടിച്ചാണ് പലരും കഴിയുന്നത്. സ്വര്‍ണ്ണാഭരണങ്ങള്‍, അടയ്ക്ക്, റബ്ബര്‍ ഷീറ്റ് എന്നിവയെല്ലാം കള്ളന്മാര്‍ മേഷ്ടിച്ച് കൊണ്ടുപോകുന്നുണ്ട്. പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.സി. ബാബുവിന്റെ വീട്ടില്‍നിന്നു ചാക്കില്‍ സൂക്ഷിച്ച അടയ്ക്കയും റബ്ബര്‍ഷീറ്റും മോഷണം പോയിരുന്നു. അതിനുമുമ്പ് എന്‍.സി.പി. നേതാവ് കെ.സി. നാണുവിന്റെ വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു. വിവാഹം, ഗൃഹപ്രവേശം നടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍കവര്‍ച്ച നടക്കുന്നത്.