മുചുകുന്നു ശശി മാരാരുടെ ശിക്ഷണം; ചെണ്ട വാദ്യ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ അരങ്ങേറ്റം കുറിച്ചു


തിക്കോടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ചെണ്ട വാദ്യ പരിശീലനം പൂര്‍ത്തിയാക്കിയ കൊങ്ങന്നൂര്‍ കലാക്ഷേത്രം വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം നടന്നു. മുചുകുന്നു ശശിമാരാരുടെ ശിക്ഷണത്തില്‍ ചെണ്ട വാദ്യ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളാണ് അരങ്ങേറ്റംകുറിച്ചത്.

അരങ്ങേറ്റത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൊങ്ങന്നൂര്‍ കലാ ക്ഷേത്രം ഉപഹാരം നല്കുകയും പരിശീലനം നല്കിയ ചെണ്ടവാദ്യ കലാകാരന്‍ മുചുകുന്നു ശശിമാരാറെ ക്ഷേത്ര കമ്മിറ്റി ആദരിക്കുകയും ചെയ്തു.

കൊങ്ങന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി, ഗ്രന്ഥം വെപ്പ്, വാഹന പൂജ എന്നിവ ഉണ്ടാകും. മേല്‍ശാന്തി സതീഷ് നമ്പൂതിരി പയ്യന്നൂര്‍ പെരികമന ഇല്ലം, വിജയദശമി നാളില്‍ ഹരിശ്രീ കുറിക്കും.