ലഹരിമുക്തമാകും എന്‍റെ പുഞ്ചിരികള്‍; സൂപ്പര്‍ ഹിറ്റായി ജില്ലാ കലോത്സവ വേദിയിലെ ലഹരി വിരുദ്ധ സെല്‍ഫി ബൂത്ത്, സെല്‍ഫിയെടുത്ത് പ്രമുഖര്‍


വടകര: സെല്‍ഫി ബൂത്ത് എന്ന വ്യത്യസ്തമായ ആശയവുമായി കലോത്സവ വേദിക്കരികില്‍ നാഷണൽ സർവ്വീസ് സ്കീം അംഗങ്ങള്‍. എം.ജെ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റാണ്  കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവ വേദിയായ വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ പ്രവേശന കവാടത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെൽഫി പ്ലെഡ്ജ് ബൂത്ത് സ്ഥാപിച്ചത്. ബൂത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സെൽഫി എടുത്തുകൊണ്ട് നിർവ്വഹിച്ചു.

എം.എൽ.എമാരായ കെ.കെ.രമ, കെ.പി.കുഞ്ഞമ്മദ് കുട്ടി, ഇ.കെ.വിജയൻ, ടി.പി.രാമകൃഷ്ണൻ, വടകര മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി.കെ.പി. ബിന്ദു എന്നിവരും ബൂത്ത് സന്ദർശിച്ച് സെൽഫി എടുത്ത് ബോധവൽക്കരണത്തിൽ പങ്കാളികളായി. ലഹരിക്കെതിരെ യുവതലമുറയെ ബോധവല്‍ക്കരിക്കുക എന്നതാണ് ലഹരി വിരുദ്ധ സെല്‍ഫി ബൂത്തിന്റെ പ്രധാന ലക്ഷ്യം.

കലോത്സവത്തില്‍ പങ്കെടുക്കാനും കാണാനുമായി എത്തിയ നിരവധിപേരാണ് ഇതിന്റെ ഭാഗമായി സെൽഫികളെടുത്ത് വാട്ട്സാപ്പ് സ്റ്റാറ്റസുകളിലും ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലും പങ്കുവെച്ചത്. പ്രോഗ്രാം ഓഫീസർ ബ്രിജില എം.എസ്. വളണ്ടിയർ ലീഡർമാരായ സൂര്യഗായത്രി, മുഹമ്മദ് സനൽ വളണ്ടിയർമാരായ ഷാമിഖ്, ഷാമിൽ എന്നിവർ നേതൃത്വം നൽകി.