മയക്കുവെടി വെച്ച് പിടികൂടിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല; കണ്ണൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലി ചത്തു


കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുള്ളിപ്പുലി ചത്തു.
മയക്കുവെടിവെച്ച് പിടികൂടിയെങ്കിലും ജീവന്‍ രക്ഷിക്കാവാതെ പോവുകയായിരുന്നു. പിടികൂടുമ്പോള്‍ പുലിയുടെ ആരോഗ്യ നില മോശമായിരുന്നു. നാളെ വയനാട്ടില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെന്ന് വനംവകുപ്പ് പറഞ്ഞു. കിണറ്റില്‍ വീഴുന്നതിനിടയില്‍ കാര്യമായ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. സൗത്ത് അണിയാരം എല്‍.പി സ്‌കൂളിന് സമീപം നിര്‍മാണത്തിലിരിക്കുന്ന മലാല്‍ സുനീഷിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലാണ് പുലി വീണത്.

ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് കിണറ്റില്‍ പുലിയെ കണ്ടത്. സംഭവമറിഞ്ഞ് ചൊക്ലി പൊലീസ്, പാനൂര്‍ ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. പുലിയെ കിണറ്റില്‍ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനെയാണ് മരണം സംഭവിച്ചത്.