നന്തി- ചെങ്ങോട്ട്കാവ് ബൈപ്പാസിന് റോഡ് തയ്യാറാക്കിയത് കനാല്‍ നികത്തിയിട്ട്; വേനല്‍ക്കാലമെത്തിയതോടെ കര്‍ഷകര്‍ ആശങ്കയില്‍; മണ്ണ് നീക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ട് എഞ്ചിനിയര്‍


കൊയിലാണ്ടി: നന്തി- ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മ്മാണത്തിനായുള്ള ഗതാഗത സൗകര്യത്തിനായി കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാലുകളിലും മറ്റ് ജലസ്രോതസ്സുകളിലും ചില ഭാഗങ്ങളില്‍ മണ്ണിട്ട് മൂടിയത് കാരണം ആശങ്കയിലാണ് പന്തലായനി, മരളൂര്‍ ഭാഗത്തെ കര്‍ഷകരും നാട്ടുകാരും. വേനല്‍ക്കാലത്തും ഇവിടെ കൃഷി മുന്നോട്ടുകൊണ്ടുപോകാനും കിണറുകളില്‍ വെള്ളം കുറയാതിരിക്കാനും കാരണം ഫെബ്രുവരി പകുതിയോടെ വരുന്ന കനാല്‍ വെള്ളമായിരുന്നു. എന്നാല്‍ ഇത്തവണ ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ കനാലിന്റെ ചില ഭാഗങ്ങള്‍ നീരൊഴുക്ക് തടയുംവിധം മണ്ണിട്ട് നിലയിലാണ്.

ഫെബ്രുവരി ഇരുപത്തിയെട്ട് മുതലാണ് കനാല്‍ തുറക്കുന്നത്. ഇതിന് മുന്നോടിയായി കനാല്‍ വൃത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ മണ്ണിട്ട ഭാഗത്തെ മണ്ണ് നീക്കം ചെയ്തിട്ടില്ല. പന്തലായനി മരളൂര്‍ ഭാഗത്തെ പാടശേഖരത്തെയാണ് ഇത് ഏറെ ബാധിക്കുക. കനാലിലെ നീരൊഴുക്ക് സുഗമമാക്കിയില്ലെങ്കില്‍ ഈ ഭാഗത്തെ നെല്‍കൃഷി പൂര്‍ണമായി നശിക്കാനും നൂറോളം വീടുകളില്‍ കുടിവെള്ളപ്രശ്‌നം ഉണ്ടാകാനും ഇടയുണ്ടെന്ന് മരളൂര്‍ വാര്‍ഡിലെ കൗണ്‍സിലര്‍ രാജീവന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

‘പ്രദേശത്തെ കര്‍ഷകര്‍ക്കെല്ലാം ആശങ്കയുണ്ട്. ദേശീയപാത പ്രവൃത്തിയ്ക്കായി റോഡ് സൗകര്യത്തിന് കനാല്‍ വരുന്ന ഭാഗം അല്പം ഉയര്‍ത്തി വെള്ളത്തിന്റെ ഒഴുക്കിനെ ബാധിക്കാത്ത തരത്തില്‍ സ്ലാബിടുകയോ മറ്റോ ചെയ്യണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.’ അദ്ദേഹം പറഞ്ഞു.

കനാല്‍ജലം പ്രതീക്ഷിച്ചാണ് ഇവിടെ കൃഷിയിറക്കുന്നതെന്നാണ് പ്രദേശത്തെ കര്‍ഷകനായ സുകുമാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ‘ ഇവിടെയുള്ള നെല്‍കൃഷി പ്രധാമായും കനാല്‍ ജലത്തെ പ്രതീക്ഷിച്ചാണ് ചെയ്യുന്നത്. പ്രദേശത്തെ ജലവിതാനത്തെ നിലനിര്‍ത്തുന്നതില്‍ കനാല്‍ ജലത്തിന് നല്ല പങ്കുണ്ട്. വേനലിലും കിണര്‍ വറ്റാതെ നിലനിര്‍ത്തുന്നത് കനാലാണ്.’ അദ്ദേഹം പറഞ്ഞു.

ഇക്കാര്യം ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കര്‍ഷക സംഘം നേതാവ് ഷിജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. കനാല്‍ തുറക്കുന്നതിനു മുമ്പ് മണ്ണ് നീക്കം ചെയ്യാനുള്ള നടപടിയെടുക്കുമെന്നാണ് കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ട് എഞ്ചിനിയര്‍ ജയരാജന്‍ ഉറപ്പു നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാത അതോറിറ്റിയാണ് മണ്ണ് നീക്കം ചെയ്യേണ്ടതെന്നാണ് പ്രോജക്ട് എഞ്ചിനിയര്‍ ജയരാജന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. മണ്ണ് നീക്കം ചെയ്യാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫെബ്രുവരി ഇരുപത്തിയെട്ടിന് കനാല്‍ തുറക്കുന്നതിനു മുമ്പ് അവര്‍ മണ്ണ് നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.