കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കല്‍ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു; 28 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കോഴിക്കോട് നഗരം വിശാലമാകും


കോഴിക്കോട്: രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള ദേശീയപാതാ 66 ലെ കോഴിക്കോട് ബൈപ്പാസ് വീതി കൂട്ടുന്ന പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. നിലവില്‍ നാല് വരിയുള്ള ഈ പാതയിലെ പണി പൂര്‍ത്തിയാകുന്നതോടെ ആറ് വരിയും ഇരുവശത്തും സര്‍വ്വീസ് റോഡുകളുമുള്ള വലിയ പാതയാകും ഇത്.

മൂന്നു വര്‍ഷത്തോളം അനിശ്ചിതമായി കിടന്ന ശേഷമാണ് ആറുവരിയാക്കല്‍ പ്രവൃത്തി ആരംഭിക്കുന്നത്. 2018 ലായിരുന്നു കരാര്‍ ഒപ്പിട്ടത്. കെ.എം.സി കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള 28.4 കിലോമീറ്റര്‍ ദൂരത്തെ പ്രവൃത്തികള്‍ ഇപ്പോള്‍ അതിവേഗമാണ് മുന്നോട്ട് നീങ്ങുന്നത്.

വെങ്ങളം, തൊണ്ടയാട്, പൂളാടിക്കുന്ന്, സൈബര്‍പാര്‍ക്ക്, ഹൈലൈറ്റ് മാള്‍, പന്തീരങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഏഴു മേല്‍പ്പാലങ്ങള്‍ പണിയും. ഇതില്‍ തൊണ്ടയാടും രാമനാട്ടുകര ജങ്ഷനിലുമുള്ള പാലങ്ങളുടെ വീതികൂട്ടുകയാണ് ചെയ്യുക. മലാപ്പറമ്പ് ജങ്ഷനില്‍ 600 മീറ്ററോളം ഭൂഗര്‍ഭപാതയായാണ് ബൈപ്പാസ് കടന്നുപോവുക. സിഗ്നലുകളോ മറ്റ് തടസങ്ങളോ ഇല്ലാതെ ഈ പാതയിലൂടെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയും.

മൊകവൂര്‍, കൂടത്തുംപാറ, അമ്പലപ്പടി, വയല്‍ക്കര എന്നിവിടങ്ങളില്‍ അടിപ്പാതകളും നിര്‍മിക്കുന്നുണ്ട്. പന്തീരാങ്കാവിലായിരിക്കും ടോള്‍ബൂത്ത് സ്ഥാപിക്കുക. 1853 കോടി രൂപയാണ് പദ്ധതിച്ചെലവ്. ഇതിന്റെ 40 ശതമാനം ആദ്യഘട്ടത്തില്‍ ദേശീയപാത അതോറിറ്റി കരാറുകാര്‍ക്ക് നല്‍കും. ബാക്കി നിര്‍മാണം പുര്‍ത്തികരിക്കുന്നതിനനനുസരിച്ചാണ് കൈമാറുക.

ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ കോഴിക്കോട് നഗരവും വലിയ തോതില്‍ വിശാലമാവും. നിലവില്‍ തന്നെ വെങ്ങളം-രാമനാട്ടുകര ബൈപ്പാസില്‍ ഐ.ടി പാര്‍ക്കും, ഷോപ്പിങ് മാളും അത്യാധുനിക ആശുപത്രികളും, ഹോട്ടലുകളും, മറ്റ് വ്യാപാര-വിനോദ കേന്ദ്രങ്ങളുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്.

പാലങ്ങളും ഫ്‌ളൈ ഓവറുകളും ഒഴികെയുള്ള പ്രവൃത്തികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടര വര്‍ഷം കൊണ്ട് ബൈപ്പാസ് ആറു വരിയാക്കല്‍ പ്രവൃത്തി പൂര്‍ണ്ണതോതില്‍ പൂര്‍ത്തിയാകുമ്പോള്‍ നഗരം വീണ്ടും വികസിക്കും. നവീകരിച്ച 28 കിലോമീറ്റര്‍ ബൈപ്പാസിന് സമീപം കൂടുതല്‍ സ്ഥാപനങ്ങള്‍, ഫുട്‌ബോള്‍ സ്‌റ്റേഡിയം തുടങ്ങിയവ ഉയരും. കോഴിക്കോട് നഗരത്തെ മുഖഛായ തന്നെ മാറ്റി ആധുനികവല്‍ക്കരിക്കാന്‍ ബൈപ്പാസ് സഹായിക്കും.