കീഴരിയൂർ ആനപ്പാറക്വാറി സംഘർഷം; ലൈസൻസ് പരിശോധിക്കണം, അർഹരായവർക്ക് നഷ്ടപരിഹാരം നൽകണം; ആവശ്യമുന്നയിച്ച് സി.പി.എം


കൊയിലാണ്ടി: കീഴരിയൂർ ആനപ്പാറക്വാറി സംഘർഷം തുടരുന്ന സാഹചര്യത്തിൽ ലൈസൻസ് പരിശോധിക്കണമെന്ന ആവശ്യവുമായി സി.പി.എം കീഴരിയൂർ ലോക്കൽ കമ്മറ്റി. ലൈസൻസ് വ്യവസ്ഥകൾക്ക് വിധേയമായാണോ ക്വാറി പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കണമെന്നും ക്വാറിയുടെ സമീപമുള്ള വീടുകൾക്കും വസ്തുവകൾക്കും വന്ന കേടുപാടുകൾ സംബന്ധിച്ച് പഠനം നടത്തി നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ഇവർ ഉന്നയിച്ചു.

കഴിഞ്ഞ വർഷം ജനുവരിയിൽ ക്വാറിയിൽ നടത്തിയ വലിയൊരു സ്ഫോടനത്തിൻ്റെ ഭാഗമായി സമീപത്തെ വീടുകളിലേക്ക് കല്ലു തെറിക്കുകയും അതേ തുടർന്ന് സംഘർഷം രൂപപ്പെടുകയും ചെയ്തിരുന്നു. ഈ അവസരത്തിൽഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇടപെട്ട് ക്വാറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെപ്പിച്ച് ഇരുകൂട്ടരുമായി ചർച്ച നടത്തി ആഘാതം കുറഞ്ഞ രീതിയിൽ പാറ പൊട്ടിക്കുന്നതിന് തീരുമാനവുമാക്കിയിരുന്നു.

 

എന്നാൽ വീണ്ടും പരിസ്ഥിതിക്ക് വൻ തോതിൽ ആഘാതമേകുന്ന രീതിയിൽ ക്വാറി പ്രവർത്തിക്കുന്നതിനെതിരെ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ശക്തമായ സമരം നടന്നു കൊണ്ടിരിക്കുക്കയാണ്. ഇതേ തുടർന്ന് നിരവധി ചർച്ചകൾ നടന്നുവെങ്കിലും ഒന്നും പരിഹാരം കണ്ടില്ല.
ആയതിനാൽ എത്രയും വേഗം പരാതിക്കാരായ വീട്ടുകാരുടെ പരാതി അന്വേഷിച്ച് വേണ്ട നടപടികൾ എടുക്കണമെന്നും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സി.പി.എം ലോക്കൽ കമ്മറ്റി വ്യക്തമാക്കി.