അറബിക് കാലിഗ്രഫിയിലെ വിസ്മയം; ഫാത്തിമ ഫർഹയെ ആദരിച്ച് കൊയിലാണ്ടി സാംസ്കാരിക വേദി


കൊയിലാണ്ടി: അറബിക് കാലിഗ്രഫിയിലെ വിസ്മയമായ കെ.എം ഫാത്തിമ ഫർഹയെ ആദരിച്ച് കൊയിലാണ്ടി സ്നേഹ തീരം സാംസ്കാരിക വേദി കൊയിലാണ്ടി. ഒരു വര്‍ഷം കൊണ്ട് അന്‍പതിലധികം അറബി വാക്യങ്ങള്‍ വരച്ചാണ് രണ്ടാം വര്‍ഷ ബികോം ബിരുദ വിദ്യാര്‍ത്ഥിയായ ഫര്‍ഹ ശ്രദ്ധയാകര്‍ക്കുന്നത്.

തുറമുഖ – പുരാവസ്തു മന്ത്രി അഹമ്മദ് ദേവർ കോവിൽ ഫാത്തിമയ്ക്ക് ഉപഹാരം നൽകി. സ്‌നേഹ തീരം ട്രഷറർ ഹുസൈൻ മുനഫർ തങ്ങൾ അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗം കബീർ സലാല, മുൻ കൗൺസിലർ എം. അഷ്റഫ് എന്നിവർ പ്രസംഗിച്ചു. സ്നേഹ തീരം ചെയർമാൻ രാഗം മുഹമ്മദ് അലി സ്വാഗതവും യു.കെ. അസീസ് നന്ദിയും രേഖപ്പെടുത്തി.

പ്ലസ്ടൂ പഠന സമയത്ത് നോട്ട്ബുക്കില്‍ ഒരു രസത്തിനായി വരച്ചതായിരുന്നു ഫാത്തിമ. എന്നാൽ കൊയിലാണ്ടി ബീച്ച് റോഡിലെ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മദ്രസയിലെ ഇസ്ഹാഖ് ഉസ്താദ് ഫാത്തിമ വരച്ച അറബി വാക്യങ്ങൾ കണ്ടെത്തിയതോടെ ഈ കലാകാരിയുടെ ജീവിതം തന്നെ മാറി മറഞ്ഞു. പിന്നീട് നിരവധി വിദഗ്ധരുടെ അടുത്ത് പരിശീലനം നേടി. കാലിഗ്രാഫി പഠനം മനസ്സിന് വലിയ ആശ്വാസവും ഉന്മേഷവും ലഭിക്കുന്നുണ്ടെന്നും ഫര്‍ഹ പറഞ്ഞു. ബീച്ച് റോഡില്‍ ഖലീജ് മന്‍സില്‍ ടീ.എ.അബ്ദുല്‍ ഹമീദിന്റെയും സി.എച്.ഷാഹിനയുടെയും മകളാണ് ഫാത്തിമ ഫര്‍ഹ.

അക്ഷരങ്ങളുടെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കാലിഗ്രാഫി . ഒന്നാം നൂറ്റാണ്ടോടെ തന്നെ റോമന്‍ കൊത്തുപണികളില്‍ ലാറ്റിന്‍ അക്ഷരമാല കൊണ്ടുള്ളകാലിഗ്രാഫി കാണാന്‍ കഴിയും. പ്രധാനമായും അറബിഭാഷയിലാണ് ഈ കലാരൂപം കൂടതലായി ഉപയോഗിച്ചുവരുന്നത്.