അപേക്ഷിച്ച് കൺഫർമേഷനും നൽകി പരീക്ഷ എഴുതിയില്ലെങ്കിൽ ‘എട്ടിന്റെ പണി’ കിട്ടും; പ്രൊഫൈൽ മരവിപ്പിക്കുന്നത് അടക്കമുളള കർശന നടപടികളുമായി പിഎസ്.സി


തിരുവനന്തപുരം: സർക്കാർ ജോലിയെന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി രാത്രി പകൽ ഭേദമന്യ ഇരുന്ന് പി.എസ്.സി പഠിക്കുന്നവർ നമുക്കിടയിലുണ്ട്, അതേ സമയം നേരം പോക്കിനായി പരീക്ഷ എഴുതുന്നവരും. പിഎസ് സി രജിസ്റ്റർ ചെയ്ത് പരീക്ഷയ്ക്കും അപേക്ഷിച്ച് പരീക്ഷ എഴുതാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇത്തരക്കാർ പി.എസ്.സി ക്ക് വരുത്തുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാനായി കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പി.എസ്.സി.

ഉദ്യോഗാർഥികളുടെ പ്രൊഫൈൽ മരവിപ്പിക്കുന്നത് അടക്കമുളള കർശന നടപടിയിലേക്കു കടക്കാനാണ് പിഎസ്‍സിയുടെ തീരുമാനം. പരീക്ഷാനടത്തിപ്പിലെ കനത്ത ധനനഷ്ടമാണ് ഇത്തരമൊരു നടപടിയിലേക്ക് പി.എസ്.സിയെ നയിച്ചത്. എഴുതുന്നവരുടെ എണ്ണം മുൻകൂട്ടിയറിഞ്ഞു തയാറെടുപ്പു നടത്താനാണ് ഉദ്യോഗാർഥികൾ അക്കാര്യം നേരത്തേ അറിയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. എത്തുമെന്ന് അറിയിച്ചിട്ടും പരീക്ഷയ്ക്ക് എത്താത്തവരുടെ എണ്ണം എന്നിട്ടും വർധിച്ചു വരുന്നതായി കമ്മിഷൻ വിലയിരുത്തി.

ഔദ്യോഗിക വെബ്സൈറ്റിൽ പരീക്ഷ എഴുതാം എന്ന് കൺഫർമേഷൻ നൽകി പിന്നീട് എഴുതാത്തവരുടെ ഉദ്യോഗാർഥികളുടെ പ്രൊഫൈൽ മരവിപ്പിക്കുന്നത് ഉൾപ്പടെയുള്ള കർശന നടപടിയിലേക്കാണ് പി.എസ്.സി കടക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേർന്ന പി.എസ്.സി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്.

തുടർച്ചയായി പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മാത്രമേ മരവിപ്പിക്കൂയെന്നാണ് പിഎസ്‌സി നൽകുന്ന വിശദീകരണം. പ്രൊഫൈൽ മരവിപ്പിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികളുടെ വിശദീകരണം കേൾക്കും. മതിയായ കാരണം ബോധിപ്പിക്കുന്നവർക്ക് ഇളവുണ്ടാകും. ഇതുവരെയുള്ള പരീക്ഷകൾക്ക് ഹാജരാകാത്തത് പ്രൊഫൈൽ മരവിപ്പിക്കലിന് കാരണമാകില്ല. ഉദ്യോഗാർഥികളെ ബുദ്ധിമുട്ടിക്കാനല്ല പുതിയ തീരുമാനമെന്നും വിശദമാർഗനിർദേശം ഉടൻ പുറത്തിറക്കുമെന്നും പിഎസ്‌സി അറിയിച്ചു.

കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കാൻ നേരത്തേ തീരുമാനിച്ചതാണ് പിഎസ്‌സി. ഉദ്യോഗാർഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് പക്ഷേ നടപ്പാക്കിയിരുന്നില്ല. ഉദ്യോഗാർഥിയുടെ അപേക്ഷ മുതൽ നിയമനം വരെയുള്ള സേവനങ്ങൾ സൗജന്യമായി നടത്തുന്നതിനാൽ സാമ്പത്തിക നഷ്ടം ഇനിയും താങ്ങാനാവില്ലെന്നാണ് പിഎസ്‌സിയുടെ വിശദീകരണം.