മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ അഞ്ച് വയസുകാരിയെ ആന ചവിട്ടിക്കൊന്നു; സംഭവം അതിരപ്പള്ളിയില്‍


തൃശ്ശൂര്‍: മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ ബാലികയെ ആന ചവിട്ടിക്കൊലപ്പെടുത്തി. മാള പുത്തന്‍ചിറ സ്വദേശി ആഗ്‌നിമിയ ആണ് കൊല്ലപ്പെട്ടത്. അഞ്ച് വയസായിരുന്നു. അപകടത്തില്‍ കുട്ടിയുടെ അച്ഛന്‍ പുത്തന്‍ചിറ കച്ചട്ടില്‍ നിഖിലിനും കുട്ടിയുടെ അമ്മയുടെ അച്ഛന്‍ ജയനും പരിക്കേറ്റു. ഇന്ന് വൈകിട്ട് ആറരയോടെ അതിരപ്പിള്ളി കണ്ണംകുഴിയിലാണ് സംഭവം നടന്നത്.

ഇവരുടെ വീടിന് സമീപത്ത് നിന്നും അല്‍പം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കില്‍ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും ആഗ്‌നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നുപേരും ചിതറിയോടി. ഓടുന്നതിനിടയില്‍ കുട്ടിയെ ആന ആക്രമിച്ചു.

തലയ്ക്ക് ചവിട്ടേറ്റ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛന്‍ നിഖിലിനും അപ്പൂപ്പന്‍ ജയനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാര്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ ആഗ്മിനിയ മരിച്ചിരുന്നു.