ഇതാ ‘മെസിയുടെ ശ്രദ്ധ തെറ്റിച്ച’ ആ പയ്യോളിക്കാരന്‍ അബു കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുന്നു


പയ്യോളി: ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ മത്സരം തന്നെ പരാജയപ്പെട്ട നിരാശയിലായിരുന്നു കഴിഞ്ഞ ദിവസം ആരാധകര്‍. അതിന് പുറമെ മറ്റു ടീമുകളുടെ ട്രോളുകളും വീഡിയോ തമാശകളും വേറെ. അതിനിടെ രസകരമായ മറ്റൊരു വീഡിയോ കൂടി വൈറലായി.

ഒരു പയ്യോളിക്കാരന്റെ മെസി വിളിയാണ് ആ വീഡിയോ. ‘മെസീ… മെസീ.. അബു… പയ്യോളി…’ എന്ന് ഗാലറയില്‍ നിന്ന് മെസിയെ വിളിക്കുന്ന പയ്യോളിക്കാരന്‍ അബുവിന്റെ വീഡിയോ വലിയ തോതില്‍ പ്രചരിച്ചിരുന്നു.

അബു ശ്രദ്ധ തെറ്റിച്ചത് കൊണ്ടാണ് മെസി തോറ്റുപോയതെന്ന ക്യാപ്ഷനില്‍ തമാശ രൂപത്തിലാണ് വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെത്തിയത്. കൊയിലാണ്ടിയില്‍ മാത്രമല്ല, മലയാളത്തിലുള്ള ഈ മെസി വിളി മലയാളികള്‍ക്കിടയില്‍ മൊത്തത്തില്‍ വൈറലായിരുന്നു. ആരാണ് ഈ അബു എന്ന് നോക്കാം.

പത്തുവര്‍ഷമായി ദോഹയില്‍ ജോലി ചെയ്യുന്ന പ്രവാസിയാണ് അബു ഷംനാര്‍. കടുത്ത അര്‍ജന്റീന ആരാധകന്‍. അബുവിന്റെ ഖത്തര്‍ അര്‍ജന്റീന ഫാന്‍സ് മെമ്പര്‍ഷിപ്പ് കാര്‍ഡും ഇപ്പോള്‍ വാട്‌സ്ആപ്പില്‍ വൈറലാണ്.

കഴിഞ്ഞ ദിവസം അര്‍ജന്റീന-സൗദി ആറേബ്യ മത്സരം കാണവേ ഏഴാം മിനിറ്റില്‍ പകര്‍ത്തിയതാണ് വൈറലായ ദൃശ്യങ്ങള്‍. അബുവിന്റെ സുഹൃത്ത് ഒരു സ്വകാര്യ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച വീഡിയോ അവിടുന്ന് പിന്നീട് വൈറലാവുകയായിരുന്നു.

‘ഒരു രസത്തിന് പകര്‍ത്തിയ വീഡിയോ ആണ്, ഇപ്പോ അര്‍ജന്റീന ഫാന്‍സിനും അതൊരു സുഖായില്ലേ. എല്ലാവരും വീഡിയോ പോസിറ്റീവ് ആയിട്ട് തന്നെയാണ് എടുത്തത്. വിളിച്ചവരൊക്കെ തമാശയായിട്ട് തന്നെയാണ് അതിനെ കണ്ടിരിക്കുന്നത്. അതിനെ ചുറ്റിപ്പറ്റിയുള്ള ട്രോളുകളും ഞാന്‍ ആസ്വദിക്കുന്നു’- അബു കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

ഫിഫ വളന്റിയര്‍ കൂടെയാണ് അബു. പയ്യോളിയിലെ തച്ചന്‍കുന്ന് സ്വദേശിയാണ്. പറ്റാവുന്ന അത്രയും കളികള്‍ നേരിട്ട് കാണാനാണ് അബുവിന്റെ തീരുമാനം. സ്‌പെയിനിന്റെ കളിയാണ് അടുത്തതായി ടിക്കറ്റെടുത്തിരിക്കുന്നത്. അര്‍ജന്റീനയുടെ എല്ലാ കളികളും കാണമെന്ന് ആഗ്രഹമുണ്ടെന്നും അബു പറഞ്ഞു.

മെസ്സി തോറ്റത് പയ്യോളിക്കാരന്‍ അബു ശ്രദ്ധ തെറ്റിച്ചത് കൊണ്ടോ? വീഡിയോ വൈറലാവുന്നു | Payyoli native near Messi