രാജ്യത്ത് ആശങ്കയുയര്‍ത്തി എച്ച്3എന്‍2 വൈറസ് ബാധ, ഇതുവരെ കവർന്നത് രണ്ട് ജീവനുകൾ; കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാന്‍ നിര്‍ദ്ദേശം


ന്യൂഡൽഹി: ഇന്ത്യയില്‍ പടര്‍ന്ന് പിടിച്ച് എച്ച്3എന്‍2. എച്ച്3എന്‍2 വൈറസ്ബാധ മൂലം രാജ്യത്ത് രണ്ട് മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഹരിയാനയിലെ ജിന്ദിൽ ഫെബ്രുവരിയിലും കർണാടകയിലെ ഹാസനിൽ മാർച്ച് ഒന്നിനുമാണ് വൈറസ്ബാധ കാരണം മരണം സംഭവിച്ചത്. ഇതിനോടകം തന്നെ രാജ്യത്താകെ തൊണ്ണൂറുപേര്‍ക്ക്  എച്ച്3 എൻ2 വൈറസ്  ബാധിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി.

ജനുവരി 2 മുതൽ മാര്‍ച്ച് 9 വരെ നാനൂറ്റി അന്‍പത്തിയൊന്ന് കേസുകളാണു സ്ഥിരീകരിച്ചത്. എച്ച്3എൻ2 ഉൾപ്പെടെ സീസണൽ ഇൻഫ്ലുവൻസയ്ക്ക് കാരണമാകുന്ന വൈറസ് ബാധ രാജ്യത്തൊട്ടാകെ 3038 പേർക്കു പിടിപ്പെട്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. സംസ്ഥാനത്ത് പത്ത് പേരിൽ എച്ച്3എൻ2 ഇൻഫ്ലുവൻസ കണ്ടെത്തിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇൻഫ്ലുവൻസ എ വൈറസിന്റെ സബ് ടൈപ്പാണ് എച്ച്3എൻ2. ഇത് ശ്വാസകോശ അണുബാധയുണ്ടാക്കുന്നു. ഈ വൈറസ് പക്ഷികളിലും സസ്തനികളിലും രോഗബാധയുണ്ടാക്കും. എച്ച്3എൻ2 ആണ് മനുഷ്യരിൽ ഇൻഫ്ലുവൻസക്കിടവരുത്തുന്നത്. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, പക്ഷിപ്പനി, പന്നിപ്പനി, തുടങ്ങിയ ഇൻഫ്ലുവൻസ അണുബാധ മനുഷ്യരിൽ ഗുരുതരമല്ലാത്ത ശ്വസന അണുബാധ പനിയും ചുമയും ഉണ്ടാക്കുന്നു. അത് ഗുരുതരമായി ന്യുമോണിയ ആവുകയും തുടര്‍ന്ന് ശ്വാസകോശത്തിലെ വായു അറകളിൽ ദ്രാവകം നിറഞ്ഞ് ഓക്സിജൻ ലഭിക്കാത്ത അവസ്ഥയില്‍ മരണത്തിന് വഴിവെക്കുകയുമാണ് ചെയ്യുന്നത്.

കുളിര്, ചുമ, പനി, ഓക്കാനം, ഛർദി, തൊണ്ട വേദന, ശരീര വേദന, വയറിളക്കം, തുമ്മലും മൂക്കൊലിപ്പും തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. വായുവിലൂടെയാണ് വൈറസ് പകരുന്നത് എന്നതിനാൽ മാസ്ക്, സാനിറ്റൈസർ അടക്കമുള്ള കോവിഡ് പ്രതിരോധ മാർഗങ്ങൾ തന്നെ എച്ച്3എൻ2 വ്യാപനം തടയാനും പിന്തുടരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അധ്യക്ഷൻ ഡോ. ശരത് കുമാർ അഗർവാൾ അറിയിച്ചു. ഗർഭിണികൾ, വാർധക്യസഹജമായ അസുഖമുള്ളവർ, കുട്ടികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം.

രോഗമുക്തിക്ക് അധികസമയം ആവശ്യമായി വരുമെങ്കിലും എച്ച്3എൻ2 രാജ്യത്ത് വലിയ വ്യാപനത്തിലേക്കു പോകില്ലെന്ന് പ്രതീക്ഷിക്കുന്നതായാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പ്രതികരണം.