ചെറുതും വലുതുമായ 50 ഓളം വാഹനങ്ങൾ പാർക്ക് ചെയ്യാം; മാലിന്യ നിക്ഷേപ കേന്ദ്രത്തെ പാർക്കിം​ഗ് ഏരിയയാക്കി മാറ്റി കൊയിലാണ്ടി ന​ഗരസഭ


കൊയിലാണ്ടി: ന​ഗരത്തിയാലുള്ള പാർക്കിം​ഗ് സൗകര്യത്തെകുറിച്ച് ഓർത്ത് ഇനി ടെൻഷൻ വേണ്ട, ബസ് സ്റ്റാന്റിന് സമീപത്തായുള്ള റെയിൽവേ മേൽപ്പാലത്തിനടിയിൽ ഇനി വാഹനങ്ങൾ പാർക്ക് ചെയ്യാം. കൊയിലാണ്ടി ന​ഗരസഭയുടെ നേതൃത്വത്തിലാണ് മേൽപ്പാലത്തിനടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് പാർക്കിം​ഗിന് സൗകര്യമൊരുക്കിയത്.

ചെറുതും വലുതുമായ 50 ഓളം വാഹനങ്ങൾക്ക് ഒരേ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. തികച്ചും സൗജന്യമാണ് പാർക്കിം​ഗ്. മാലിന്യ നിക്ഷേപത്തിനെതിരെയും വാഹന പാർക്കിം​ഗിനുമായുള്ള കൊയിലാണ്ടിക്കാരുടെ ദീർഘനാളായുള്ള ആവശ്യത്തിനും ഇതോടെ പരിഹാരമായി.

കൊയിലാണ്ടി മേൽപ്പാലത്തിനടിയിലെ സ്ഥലം മാലിന്യം നിറഞ്ഞ നിലയിൽ – പഴയ ചിത്രം.


വർഷങ്ങളായി മാലിന്യം തള്ളാനുള്ള കേന്ദ്രമായാണ് പലരും റെയിൽവേ മേൽപ്പാലത്തിനടിയിലെ സ്ഥലത്തെ കണ്ടിരുന്നത്. രാത്രിയുടെ മറവിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ തള്ളിയിരുന്നു. കുന്നുകൂടിയ മാലിന്യം പ്രദേശവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. കൂടാതെ പ്രദേശത്ത് ഇടയ്ക്കിടയ്ക്കുണ്ടാവുന്ന തീപിടിത്തം അഗ്നിശമന സേനയ്ക്കും നഗരസഭ ശുചികരണ തൊഴിലാളികൾക്കും ഒരുപോലെ തലവേദനയായിരുന്നു.

അനധികൃതമായ മാലിന്യ നിക്ഷേപമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ രാത്രികാല സ്ക്വാഡ് പ്രവർത്തിക്കുകയും മാലിന്യ നിക്ഷേപകരെ കണ്ടെത്തി പിഴ അടപ്പിക്കുകയും ചെയ്തിരുന്നു.

കൊയിലാണ്ടി മേൽപ്പാലത്തിനടിയിലെ മാലിന്യം നിറഞ്ഞ സ്ഥലം മാലിന്യങ്ങൾ നീക്കി പാർക്കിങ്ങിന് അനുയോജ്യമാക്കിയപ്പോൾ


ജില്ലാ തല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മേൽപാലത്തിനടിയിൽ പരിശോധന നടത്തി ഹോട്ട് സ്പോട്ടായി രേഖപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് നഗരസഭ ശുചീകരണ ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ചേർന്ന് മാലിന്യം തരംതിരിച്ച് നീക്കം ചെയ്തു. 435 ചാക്ക് അജെെവ പാഴ്വസ്തുക്കളാണ് ഇത്തരത്തിൽ ശേഖരിച്ച് എം.സി.എഫിലേക്ക് മാറ്റിയത്.

അവധി ദിവസങ്ങൾ പോലും നോക്കാതെ കൂട്ടായ പരിശ്രമം നടത്തിയാണ് മേൽപ്പാലത്തിനടയിലെ മാലിന്യങ്ങൾ നീക്കം ചെയ്തത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ.ബാബു, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.പി.സുരേഷ്, കെ.റിഷാ ദ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വിജിന, ജമീഷ് മുഹമ്മദ്, എൽ.ലിജോയ് എന്നിവർ നേതൃത്വം നൽകി.