”അമ്പലങ്ങളും കല്ല്യാണ വീടുകളുമൊക്കെ കേന്ദ്രീകരിച്ച് മോഷണം”; ഈ സ്ത്രീകളെ കണ്ടാല്‍ വിവരം അറിയിക്കണമെന്ന അറിയിപ്പുമായി അത്തോളി പൊലീസ്


അത്തോളി: അമ്പലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സ്ത്രീകളുടെ സംഘത്തെ സംബന്ധിച്ച് മുന്നറിയിപ്പുമായി അത്തോളി പൊലീസ്. ഈ സംഘത്തിലുള്‍പ്പെട്ടവരുടെ ചിത്രങ്ങളുള്‍പ്പെടെ നല്‍കിയാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ഈ ഫോട്ടോയില്‍ കാണുന്ന സ്ത്രീകളെ കണ്ടാല്‍ പൊലീസില്‍ വിവരം അറിയിക്കാനും അത്തോളി എസ്.ഐ. നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ട് പേരോ മൂന്നു പേരോ വീതം പോവുകയും അമ്പലങ്ങള്‍ കല്യാണം നടക്കുന്ന സ്ഥലങ്ങള്‍ തുടങ്ങിയ ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതുമാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു. പ്രായമുള്ള സ്ത്രീകളുടെ മാലകളും കുട്ടികളുടെ പാദസരവും വിലപിടിപ്പുള്ള വസ്തുക്കളുമാണ് ഇവര്‍ മോഷ്ടിക്കുന്നത്.

ബസില്‍ വന്ന് ഇറങ്ങി ഓട്ടോറിക്ഷകളില്‍ സ്ഥലത്തു ചെല്ലുകയും പെട്ടെന്ന് മോഷണം നടത്തി ഓട്ടോകളിലും മറ്റും കയറി രക്ഷപ്പെടുന്നതുമാണ് ഇവരുടെ രീതി. സാധാരണ 45-55 വയസ്സിനു ഇടക്ക് പ്രായമായ ഒന്നോ രണ്ടു പേരും ഒരാള്‍ 40 വയസ്സിനു താഴെ പ്രായം ഉള്ളയാളുമാണ്. പ്രായമുള്ളവര്‍ സാരിയും ഷോള്‍ഡര്‍ ബാഗും ആയിരിക്കും വേഷം. ഒരാള്‍ ചുരിദാറും ആയിരിക്കും. കറുത്ത മാസ്‌ക് ധരിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.